മനാമ: ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച വിവിധ കേസുകളില്‍ വാദം ആരംഭിച്ചു. ഏതാണ്ട് 19 ഓളം നിയമലംഘകര്‍ക്കെതിരെയുള്ള കേസുകളിലാണ് വാദം ആരംഭിച്ചിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ തടവ് ശിക്ഷ ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
12 പേര്‍ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചവരാണ്. 3 പ്രതികള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം മറികടന്ന് തങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളും കഫേകളും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇവര്‍ ലംഘിക്കുകയായിരുന്നു. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചതാണ് നാല് പേര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റം.
നിയമം ലംഘിച്ച ഒരു കഫേയ്‌ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ജാമ്യത്തുക കെട്ടിവെച്ച ശേഷം വിട്ടയച്ചു. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 1000 ദിനാര്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിച്ചേക്കാം.