മനാമ: കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച എട്ട് പേര്‍ക്ക് ബഹ്‌റൈനില്‍ ശിക്ഷ വിധിച്ചു. 1000 മുതല്‍ 5000 ദീനാര്‍ വരെയുള്ള തുക എട്ട് നിയമലംഘകരും പിഴയായി ഒടുക്കണമെന്ന് ലോവര്‍ ക്രിമിനല്‍ കോടതി വിധിയില്‍ പറയുന്നു. പൊതുജനാരോഗ്യ സുരക്ഷ അപകടത്തിലാക്കിയെന്ന കുറ്റമാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതി ചേര്‍ക്കപ്പെട്ട ഏഴ് പേര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ഹോം ഐസലേഷന്‍ ലംഘിച്ചവരാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായിരുന്നുവെന്ന് സംശയമുള്ളവരാണ് ഏഴ് പേരും. ഹോം ഐസലേഷന്‍, സെല്‍ഫ് ഐസലേഷന്‍ എന്നിവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ ബഹ്‌റൈന്‍ വ്യക്തമാക്കിയിരുന്നു.
ശിക്ഷ വിധിച്ചവരില്‍ ഒരാള്‍ സലൂണ്‍ ജീവനക്കാരിയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം മറികടന്ന് സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിച്ചതാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റം.