കോവിഡ്-19 ദുരിതകാലത്ത് സ്‌കൂള്‍ ഫീസ് താങ്ങാനാവാതെ രക്ഷിതാക്കള്‍; മാനുഷിക പരിഗണന നല്‍കണമെന്ന് ആവശ്യം

റഫീഖ് അബ്ദുള്ള

അപ്രതീക്ഷിതവും അത്യന്തം നിര്‍ഭാഗ്യകരവും ആയ ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്ട് വലിയ പ്രതിസന്ധിയാണ് പ്രവാസികളില്‍ ബഹുഭൂരിഭാഗവും അനുഭവിക്കുന്നത്. ജോലി നഷ്ടപെടുന്നവരും വേതനമില്ലാതെ പ്രയാസം അനുഭവിക്കുന്നവരും ധാരാളമായുണ്ട്. സ്വന്തമായി ചെറിയ കച്ചവടങ്ങള്‍ നടത്തിയിരുന്നവരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. സ്‌കൂള്‍ കുട്ടികളുടെ ഫീസുകള്‍ അടക്കുവാന്‍ കഴിയാതെ പ്രയാസം അനുഭവിക്കുന്ന നിരവധി രക്ഷിതാക്കളുണ്ട്. പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും അഭിമാനം ഓര്‍ത്ത് പല രക്ഷിതാക്കളും കടം വാങ്ങിയും മറ്റുമാണ് ഫീസ് അടക്കുന്നത്. ബഹ്റൈനിലെ ഏക കമ്മ്യൂണിറ്റി സ്‌കൂളായ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളുടെ കാര്യവും വലിയ കഷ്ടത്തിലാണ്. രണ്ടു മാസത്തേക്കെങ്കിലും ഫീസ് ഇളവുകള്‍ നല്‍കണമെന്നാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്.

ബഹ്റൈന്‍ ഗവണ്‍മെന്റ് സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെയാണ് മൂന്നു മാസത്തേക്ക് കറന്റ് വെള്ളം എന്നിവയുടെ തീരുവ വേണ്ടെന്ന് വെച്ചത്. സ്വദേശികള്‍ക്കു നല്‍കി വരുന്ന ഏതാണ്ടെല്ലാ സൗകര്യങ്ങളും നമുക്ക് ലഭിക്കുന്നുമുണ്ട്. അത്രയും വിശാലമനസ്‌കരാണ് ഇവിടുത്തെ ഭരണകര്‍ത്താക്കളും ഗവണ്‍മെന്റും. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ സ്‌കൂള്‍ പോലും രക്ഷിതാക്കള്‍ക്ക് സഹായകരമല്ലാത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.

കറന്റിനും വെള്ളത്തിനും ഒന്നും മൂന്നു മാസത്തെ വാടക കൊടുക്കേണ്ടതില്ലാഞ്ഞിട്ടും എ.സി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഫീസ് പോലും ഇപ്പോഴും ഈടാക്കുകയാണ്. ഇത് അത്യന്തം ഖേദകരമാണ്. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഏപ്രില്‍ മുതലുള്ള ട്രാന്‍സ്പോര്‍ട്ട് ഫീസ് മാത്രമാണ് വേണ്ടെന്ന് വെച്ചിട്ടുള്ളത്. പിന്നെയും ഉണ്ട് ഒഴിവാക്കാമായിരുന്ന നിരവധി ഫീസുകള്‍. ട്യൂഷന്‍ ഫീ ഒഴികെയുള്ള ലൈബ്രറി ഫീ, ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഫീ എന്നിവയെല്ലാം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. രക്ഷിതാക്കള്‍ ഫീസ് അടച്ചില്ലെങ്കില്‍ അദ്ധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ല എന്നത് ന്യായീകരിക്കാവുന്നതല്ല. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് ഏതൊരു മാനേജ്മെന്റിന്റെയും ബാധ്യതയാണ്. രക്ഷിതാക്കള്‍ ഒരു കുഴപ്പവും ഇല്ലാതെ ഫീസ് അടക്കുന്ന സമയങ്ങളില്‍ പോലും ജീവനക്കാര്‍ക്ക് കൃത്യമായി വേതനം നല്‍കാത്ത മാനേജുമെന്റിനു ഒരു പക്ഷെ ഇത് മനസ്സിലാവില്ല. സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാരുടെ വേതനം നല്‍കുന്നത് വൈകുന്നതും ഗഡുക്കളായി നല്‍കുന്നതും.

സ്‌കൂളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിന് ലെറ്റര്‍ കൊടുത്താല്‍ പരിഗണിക്കാം എന്നും വ്യക്തികള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാം എന്നുമുള്ള പ്രസ്താവന തികച്ചും തിരുത്തപ്പെടേണ്ടതാണ്. മാനേജ്‌മെന്റുകളുമായി അടുത്തുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് മാത്രമായി സൗകര്യങ്ങള്‍ മിതപ്പെടുത്താനുള്ള ഗൂഢതന്ത്രമായി മാത്രമേ ഇതിനെ കാണുവാനാകൂ എന്ന് ഇന്ത്യന്‍ രക്ഷിതാക്കളുടെ കൂട്ടായ്മ പറഞ്ഞു. സ്‌കൂള്‍ എടുക്കുന്ന എന്ത് തീരുമാനങ്ങളായാലും അതിന്റെ ഗുണഫലങ്ങള്‍ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഒരു വിവേചനവും ഇല്ലാതെ ലഭ്യമാവേണ്ടതുണ്ട്.

ഇന്ത്യന്‍ സ്‌കൂള്‍ കൊറന്റൈന്‍ സംവിധാനത്തിനായി വിട്ടുകൊടുക്കുമെന്ന പ്രസ്താവന സ്വാഗതാര്‍ഹമാണ്. പക്ഷെ അത് നമ്മുടെ ഔദാര്യമല്ല. മറിച്ച് സ്വന്തം രാജ്യക്കാര്‍ എന്ന പോലെ നമ്മെ സംരക്ഷിച്ചുപോരുന്ന ഈ നാടിനോടുള്ള കടമയാണ്. പ്രത്യേകിച്ചും ഒരു കമ്മ്യൂണിറ്റിറ്റി സ്‌കൂള്‍ എന്ന നിലയില്‍ അത് നാം ചെയ്യേണ്ടതാണ്. സ്‌കൂള്‍ ഭരണസമിതിയുടെ കീഴില്‍ അവരോടു അടുത്ത് നില്‍ക്കുന്ന ബഹുഭൂരിപക്ഷവും രക്ഷിതാക്കളാത്ത നിരവധി പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളൊരു കമ്മറ്റി നിലവില്‍ വന്നതായി അറിഞ്ഞു. സത്യത്തില്‍ ഇന്ത്യന്‍ സ്‌കൂളിനെ പോലെയുള്ള ഒരു കമ്മ്യൂണിറ്റി സ്‌കൂള്‍ ഈ രീതിയിലായിരുന്നോ കമ്മറ്റിക്ക് രൂപം കൊടുക്കേണ്ടത്? സ്‌കൂളിനെയും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സഹായിക്കുവാന്‍ മുഴുവന്‍ രക്ഷിതാക്കളും മുന്നിട്ടിറങ്ങും.

പക്ഷെ അതിനവരെ ക്ഷണിക്കുവാനുള്ള കടമയെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റ് കാണിക്കണമായിരുന്നു. പകരം ഈ വര്‍ഷാവസാനം നടക്കുവാന്‍ പോകുന്ന സ്‌കൂള്‍ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് കൂടെ നില്‍ക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉണ്ടാക്കിയ ഒരു പാഴ്വേലയായി മാത്രമേ ഇതിനെ കാണുവാനാകൂ. ഏതു കാര്യത്തിനും സോഷ്യല്‍ മീഡിയയിലൂടെയും പോര്‍ട്ടലിലൂടെയും അറിയിക്കാറുള്ള മാനേജ്മെന്റ് എന്തെ ഇങ്ങിനെയൊരു കമ്മറ്റി തിരഞ്ഞെടുക്കുന്ന കാര്യം മാത്രം രക്ഷിതാക്കളെ അറിയിച്ചില്ല എന്നത് സംശയാസ്പദമാണ് . ബഹ്‌റൈനില്‍ പല പൊതു സംഘടനകളും കാണിച്ച മര്യാദകളും രീതികളും സ്‌കൂളിന് മാതൃകയാക്കാമായിരുന്നു എന്നും രക്ഷിതാക്കള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കാളെ സഹായിക്കുന്നതിനുള്ള നിലപാടുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19 ഒന്നിച്ച് നേരിടാനുള്ള ബഹ്‌റൈന്റെ നീക്കത്തില്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ഇന്ത്യന്‍ സ്‌കൂള്‍ പോലുള്ളവര്‍ ഫീസ് ആശങ്ക പരിഹരിക്കാന്‍ മുന്നോട്ടുവരുമെന്നാണ് കരുതുന്നതെന്ന് രക്ഷിതാക്കളും കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!