കോഴിക്കോട്: ഗള്‍ഫ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതുസംബന്ധിച്ച് അനുകൂല നടപടി സ്വീകരിക്കാന്‍ വ്യോമയാന – ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് എം കെ രാഘവന്‍ കത്തില്‍ ആവശ്യപ്പെട്ടു.
വിവിധ തലങ്ങളിലെ ഇടപെടലുകളെ തുടര്‍ന്നാണ് ചരക്കു വിമാനങ്ങള്‍ മുഖേന മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ കാര്‍ഗോ സര്‍വീസ് സംബന്ധിച്ച വ്യവസ്ഥയില്‍ മൃതദേഹങ്ങള്‍ എത്തിക്കുന്നത് പ്രത്യേകം പരാമര്‍ശിക്കാത്തതിനാല്‍ തടസം നേരിടുകയാണ്. അപരിഷ്‌കൃത നടപടികളാണ് കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടിലുള്‍പ്പെടെ കണ്ടത്. എംപി പറഞ്ഞു.
കുവൈത്തില്‍ മരണമടഞ്ഞ കോഴിക്കോട് മണിയൂര്‍ സ്വദേശി എംവി വിനോദിന്റെയും മാവേലിക്കര സ്വദേശി വര്‍ഗീസ് ഫിലിപ്പിന്റെയും മൃതദേഹങ്ങള്‍ ഖത്തര്‍ എയര്‍വേഴ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ എത്തിക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അവസാന നിമിഷം തടഞ്ഞു. നമ്മുടെ മന്ത്രാലയം തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ ദു:ഖവും അമര്‍ഷവുമുണ്ടെന്ന് എം കെ രാഘവന്‍ ചൂണ്ടിക്കാട്ടി.
നിലവിലെ അസാധാരണ ആരോഗ്യ അന്തരീക്ഷത്തിന്റെ പേരിലാണ് അത്തരമൊരു നീക്കം ഉണ്ടായത്. മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്നത് നമ്മുടെ സംസ്‌കാരത്തിന് തന്നെ എതിരാണ്. മെഡിക്കല്‍ പരിശോധനാ നടത്തിയ ശേഷം കയറ്റി വിടുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സ്വന്തം മണ്ണില്‍ സംസ്‌കരിക്കാനുള്ള അനുമതി നമ്മുടെ സംസ്‌കാരത്തിന്റെയും മാനുഷിക പരിഗണനയുടെയും പേരില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. സ്വന്തം മണ്ണില്‍ അലിഞ്ഞു ചേരണമെന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന് എം പി കൂട്ടിച്ചേര്‍ത്തു.