ദുബായ്: പ്രതിഷേധങ്ങളും സമ്മര്‍ദ്ദങ്ങളും ഫലം കണ്ടു, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിലക്ക് നീക്കി. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിദേശത്ത് മരണപ്പെടുന്ന പ്രവാസികളെ അവസാനമായി ബന്ധുക്കള്‍ക്ക് ഒരുനോക്ക് കാണാന്‍ പോലും അനുവദിക്കാത്ത വിലക്കിനെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. മൃതദഹേങ്ങളോട് അനാദരവാണ് വിലക്കെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാണിച്ചു.
പിന്നാലെയാണ് വിലക്ക് പിന്‍വലിച്ചുകൊണ്ട് കേന്ദ്രം രംഗത്ത് വന്നത്. അതേസമയം, കൊവിഡ് മരണം സ്ഥിരീകരിച്ച മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കൊണ്ടു പോകാന്‍ അനുവദിക്കില്ല. ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന കാര്‍ഗോ വിമാനങ്ങളുടെ മടക്കയാത്രയിലാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിച്ചിരുന്നത്. ഈ നടപടി പഴയത് പോലെ തുടരും. കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അവസരമൊരുങ്ങും. കോവിഡ് മൂലം മരിച്ചവരല്ലാത്ത മലയാളികളുടേത് ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.