മനാമ: കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഉടനെ ആരംഭിക്കും. പ്രത്യേക വിമാനങ്ങളിലായിരിക്കും ഇവരെ നാട്ടിലെത്തിക്കുക.
ഇന്നലെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്തിരുന്നു. വീടിനടുത്തുള്ള വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഇവരെ നിരീക്ഷണത്തിന് ശേഷമായിരിക്കും വീടുകളിലേക്ക് പോകാന്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.