bahrainvartha-official-logo
Search
Close this search box.

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

Screenshot_20200426_193130

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്. ഒട്ടെറെ പേര്‍ വലിയ തോതില്‍ പ്രയാസം അനുഭവിക്കുകയാണ്. അവരെയെല്ലാം കണ്ടെത്തി സഹായിക്കാന്‍ ഒരുമയോടെയുള്ള പ്രവര്‍ത്തനം മാതൃകാപരമാണ്. മറ്റു രാജ്യത്ത് യാത്രാസൗകര്യമില്ലാതെ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ വലിയതോതില്‍ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. തിരികെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ചല സൂചനകള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു യോഗം.

വലിയ കാലതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിന് വിവിധ ഘട്ടങ്ങള്‍ ഉണ്ടാകും. അക്കാര്യത്തില്‍ നാം ചിട്ട പാലിക്കണം. വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സര്‍വ്വീസ് ഉണ്ടാവാനിടയില്ല. റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യമാളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ചിലപ്പോള്‍ ആദ്യഘട്ടം ഒരുവിഭാഗം ആളുകളെ മാത്രമായിരിക്കും കൊണ്ടുവരിക. അങ്ങനെയാകുമ്പോള്‍ ഏതുവിധത്തില്‍ യാത്രക്കാരെ ക്രമീകരിക്കുമെന്നത് പ്രായോഗിക ബുദ്ധിയോടെ ആലോചിക്കേണ്ട പ്രശ്നമാണ്. എന്നാല്‍, എല്ലാവരും നാട്ടിലേക്ക് വരണമെന്നാണ് സര്‍ക്കാരിന്‍റെ ആഗ്രഹം.

നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്ക http://www.registernorkaroots.org എന്ന വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ കൊണ്ടുവരേണ്ട ആള്‍ക്കാരുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ മുന്‍ഗണനാക്രമം തീരുമാനിക്കാനാകും. വിമാനം കയറുന്നതുമുതല്‍ വീട്ടിലെത്തുന്നതുവരെ ഉപകരിക്കുന്ന സംവിധാനമാകും ഇത്. എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ തന്നെ സ്ക്രീനിംഗ് നടത്താന്‍ സജ്ജീകരണം ഒരുക്കും.

നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കുന്ന ഏര്‍പ്പാടുകള്‍ പാടില്ല. സ്വന്തം വാഹനം വരികയാണെങ്കില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. വീട്ടിലേക്ക് പോകുന്ന പ്രവാസി നേരെ വീട്ടിലേക്കായിരിക്കണം പോകേണ്ടത്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ അതിനിടയില്‍ സന്ദര്‍ശിക്കരുത്. രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. അത്തരക്കാരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അവരുടെ ലഗേജ് ബന്ധപ്പെട്ട സെന്‍ററുകളില്‍ ഭദ്രമായി സൂക്ഷിക്കും.

ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, വിസിറ്റിംഗ് വീസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗമുള്ളവര്‍, വീസ കാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്റ്റുഡന്‍റ് വീസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.

യാത്ര ആരംഭിക്കുന്നതിനു മുമ്പ് പരിശോധന നടത്തുന്നുണ്ടെങ്കില്‍ അതിനുള്ള തയ്യാറെടുപ്പും നടത്തേണ്ടതുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് തന്നെ എടുക്കണം. കപ്പല്‍ മാര്‍ഗമുള്ള യാത്ര ആരംഭിക്കുന്നതിന് കേന്ദ്രവുമായി ചര്‍ച്ച ചെയ്യും.

യാത്രയുമായി ബന്ധപ്പെട്ട ടിക്കറ്റ് എടുക്കല്‍, മുന്‍ഗണനാ ക്രമം നിശ്ചയിക്കല്‍, നോര്‍ക്ക രജിസ്ട്രേഷന്‍, വിമാനത്താവള സ്ക്രീനിംഗ്, ക്വാറന്‍റൈന്‍ സൗകര്യം, വീട്ടിലേക്ക് പോകേണ്ടിവന്നാല്‍ അവിടെ ഒരുക്കേണ്ട സൗകര്യം എന്നീ കാര്യങ്ങളിലെല്ലാം ഹെല്‍പ് ഡെസ്ക്കുകള്‍ സഹായിക്കണം.

ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫേര്‍ ഫണ്ട് പ്രവാസികളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതു ഉറപ്പാക്കുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.എ. യൂസുഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ജോണ്‍സണ്‍ (ഷാര്‍ജ), ഷംസുദീന്‍, ഒ.വി. മുസ്തഫ (യു.എ.ഇ), പുത്തൂര്‍ റഹ്മാന്‍ (യു.എ.ഇ), പി. മുഹമ്മദലി (ഒമാന്‍), സി.വി. റപ്പായി, പി.വി. രാധാകൃഷ്ണപ്പിള്ള (ബഹ്റൈന്‍), കെ.പി.എം. സാദിഖ്, അഹമ്മദ് പാലയാട്, പി.എം. നജീബ്, എം.എ. വാഹിദ് (സൗദി), എന്‍. അജിത് കുമാര്‍, ഷര്‍ഫുദീന്‍, വര്‍ഗീസ് പുതുകുളങ്ങര (കുവൈത്ത്), ഡോ. വര്‍ഗീസ് കുര്യന്‍ (ബഹ്റൈന്‍), ജെ.കെ. മേനോന്‍ (ഖത്തര്‍), പി.എം. ജാബിര്‍  (മസ്കത്ത്), എ.കെ. പവിത്രന്‍ (സലാല) തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!