ന്യൂഡല്‍ഹി: ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡറെ ഉടന്‍ നിയമിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എം.പി. വീരേന്ദ്ര കുമാര്‍ വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയശങ്കറിന് കത്തയച്ചു. കോവിഡ് ദുരിതത്തില്‍ കഴിയുന്ന ബഹ്‌റൈന്‍ പ്രവാസികളെ സഹായിക്കുന്നതിന് അംബാസിഡര്‍ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും, ടിഎന്‍ പ്രതാപന്‍ എം.പിയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡറുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള ഘട്ടത്തില്‍ അംബാസിഡറുടെ കസേര ഒഴിഞ്ഞു കിടക്കുന്നത് ഒചിതമായ കാര്യമല്ല. നേരത്തെ 7 നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ജനതാ കൾച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ നേരത്തെ വീരേന്ദ്രകുമാറിന് കത്തയച്ചിരുന്നു.
1) ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ മൂന്നു മാസമായി അംബാസിഡര്‍ ഇല്ലാത്ത അവസ്ഥയാണ്. അടിയന്തിരമായി ഇന്ത്യന്‍ അംബാസിഡറെ നിയമിക്കണം.
2) സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി നാട്ടില്‍ നിന്നും മരുന്ന് എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം.
3) കോവിഡ് ബാധിതരായിട്ടുള്ളവര്‍ക്കായി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രത്യേക ക്വാറന്റൈന്‍ സെന്ററുകള്‍ ആരംഭിക്കുക.
4) പ്രത്യേക വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി രോഗികള്‍, ഗര്‍ഭിണികള്‍, വാര്‍ദ്ധക്യരായവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെ നാട്ടിലെത്തിക്കുക.
5) കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ നോഡല്‍ ഓഫീസറെ നിയമിക്കുക.
6) കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഇന്ത്യന്‍ കമ്യൂണിറ്റിവെല്‍ഫെയര്‍ ഫണ്ട് വിനിയോഗിക്കുക.
7 ) നാട്ടില്‍ പോകുന്ന ആളുകള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുവാന്‍ എംബസിയുടെ കീഴില്‍ സൗകര്യം ഒരുക്കുക.
എന്നീ ആവശ്യങ്ങള്‍ കേന്ദ്രം ഇടപെട്ട് പരിഹാരം കാണണമെന്നും വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജനത കള്‍ച്ചറല്‍ സെന്റര്‍ കത്തില്‍ പറയുന്നു. കത്ത് പരിശോധിച്ച ശേഷമാണ് പ്രവാസികളുടെ ആവശ്യങ്ങള്‍ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിയെ അറിയിച്ചിരിക്കുന്നത്.