മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വിദ്യാർഥി വിഭാഗമായ മലർവാടി എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ മനാമ ഏരിയ ഒാൺലൈൻ മൽസരം സംഘടിപ്പിച്ചു. കൊറോണ കാല ഒഴിവ് സമയം ഉപയോഗപ്പെടുത്തി കുട്ടികളുടെ കഴിവും അറിവും വർദ്ധിപ്പിക്കാനുദ്ദേശിച്ചായിരുന്നു മൽസരങ്ങളെന്ന് മലർവാടി വിഭാഗം സെക്രട്ടറി സക്കീന അബ്ബാസ് അറിയിച്ചു.
മലർവാടി വാട്സ് ആപ്പ് ഗ്രൂപ്പ് ആയ കിഡ്ഡി ക്ലബ്ബിലൂടെ ഒരു മാസം നീണ്ടു നിന്ന വിവിധ തരം പരിപാടികൾ ജൂനിയർ, സബ് ജൂനിയർ തലത്തിൽ നൽകിയിരുന്നു. സബ് ജൂനിയർ വിഭാഗത്തിൽ കളറിംഗ്, ഷാർക്ക് ഡാൻസ്, ക്വിസ്, കഥ, മധുരമെൻ മലയാളം,വീഡിയോ മേക്കിങ്, നിരീക്ഷണം, മിമിക്രി, വാക്കുകൾ കൊണ്ട് അമ്മാനമാടാം, ഡയറി എഴുത്ത് എന്നീ പരിപാടികൾ നടന്നു .ജൂനിയർ വിഭാഗത്തിൽ ബുക്ക് റിവ്യൂ, മഹദ് വചനം, ക്വിസ്, കുസൃതി ചോദ്യം, സോങ് വിത്ത് ഫാമിലി, വീഡിയോ മേക്കിങ്, നീരീക്ഷണം, ന്യൂസ് റീഡിങ്, കോവിഡ് പകരുന്നതെങ്ങനെ, ഡയറി എന്നീ ഇനങ്ങളിൽ മൽസരങ്ങളാണ് നടത്തിയത്.
സബ് ജൂനിയർ വിഭാഗത്തിൽ ഫിൽസ ഫൈസൽ (ഒന്നാം സ്ഥാനം), തഹിയ ഫാറൂഖ് (രണ്ടാം സ്ഥാനം), ഷയാൻ ഷഹീൻ അബ്ദുല്ല (മൂന്നാം സ്ഥാനം) എന്നിവർ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ അഫ്നാൻ ഷൗക്കത്തലി (ഒന്നാം സ്ഥാനം), ഫിൻഷ ഫൈസൽ (രണ്ടാം സ്ഥാനം), മുഹമ്മദ് സംറൂദ് (മൂന്നാം സ്ഥാനം) എന്നിവർ കരസ്ഥമാക്കി. മലർവാടി മനാമ ഏരിയ കൺവീനർമാരായ ജുനൈദ്, ഷബീഹ ഫൈസൽ എന്നിവർ മൽസര പരിപാടികൾക്ക് നേതൃത്വം നൽകി.