മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡറുടെ നിയമനം വൈകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഐ.വൈ.സി.സി കത്തയച്ചു. കോവിഡ്19 രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നാല് ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകേണ്ട ബഹ്റൈന്‍ ഇന്ത്യന്‍ എംബസ്സിയില്‍ അംബാസിഡര്‍ കസേര ഒഴിഞ്ഞു കിടക്കുകയാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷ നേതാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ട് ഐ.വൈ.സി.സി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നിയമനം നടന്നാലും ബഹ്‌റൈനിലെത്തി ചാര്‍ജ് ഏറ്റെടുക്കുക ദുഷ്‌കരമാണ്, അതുകൊണ്ടാണ് പകരം ചാര്‍ജ് നല്‍കണമെന്ന് ഐ.വൈ.സി.സി ആവശ്യപ്പെട്ടു. ബഹ്റൈന്‍ ഭരണകൂടം മികച്ച സൗകര്യങ്ങളാണ് കോവിഡ് പ്രതിരോധത്തിനായി ഒരുക്കുന്നത്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പരിഗണന നല്‍കുന്നുണ്ട്. ബഹ്റൈനിലെ സാമൂഹിക സംഘടകളും സജീവമാണ് പക്ഷെ ഒരു ഏകോപനം ഉണ്ടാക്കുവാനും, ഇന്ത്യക്കാരുടെ തിരിച്ച് പോക്ക്, എംബസി മുഖേന മാത്രം പ്രവാസികള്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഇതിനെല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ അംബാസിഡറുടെ സേവനം ആവശ്യമാണ്. ഐ.വൈ.സി.സി നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
കേരളത്തില്‍ നിന്നുള്ള എം പി മാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം. വിഷയവുമായി ബന്ധപ്പെട്ട് മുഴുവന്‍ എം പി മാര്‍ക്കും കത്ത് അയക്കുന്നതിനൊപ്പം ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം, ജനറല്‍ സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ട്രഷര്‍ നിധീഷ് ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.