മനാമ: കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ലോക തൊഴിലാളി ദിനത്തിൽ സോഷ്യൽ വെൽഫയർ അസോസിയേഷന്റെ ജനസേവന വിഭാഗമായ വെൽകെയർ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ദിവസങ്ങളോളം ജോലിയില്ലാതെ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാരായ ഗാർഹിക ശുചീകരണ തൊഴിലാളികളുൾപ്പടെയുള്ളവർക്ക് ടൂബ്ലി, ഖമീസ്, അസ്റി, റിഫ, മുഹറഖ്, മനാമ തുടങ്ങി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് 660 കിറ്റുകൾ കൈമാറിയത്. അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, സെക്രട്ടറി മുഹമ്മദ് എറിയാട്, വെൽകെയർ കൺവീനർ മജീദ് തണൽ, ടീമംഗങ്ങളായ മുഹമ്മദലി മലപ്പുറം, ഫസലുർറഹ്മാൻ, കുഞ്ഞി, ഇല്യാസ്, അബ്ദുൽ ജലീൽ, ഷാകിർ, സിറാജ് ടി. കെ, മുനീർ, സിദ്ദീഖ്, സമീർ എന്നിവർ നേതൃത്വം നൽകി.
കോവിഡ് ഭീതിക്കും വിശപ്പിനുമിടയിൽ കഴിയുന്ന പ്രവാസികൾക്കായി ആരംഭിച്ച “അടുപ്പം കുറഞ്ഞാലും അടുപ്പുകൾ പുകയണം” സാന്ത്വനപദ്ധതി തുടരുന്നതായും ഭാരവാഹികൾ അറിയിച്ചു.