മനാമ: കോവിഡിനെ തുടർന്ന് നിർത്തലാക്കിയ വിമാന സർവ്വീസ് വരുംനാളുകളിൽ ആരംഭിക്കുവാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിൽ ഏകീകരണം വേണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം. യാത്രാ നിരക്കിൽ വൻ കൊള്ളയാണ് പ്രവാസികൾ നേരിടാൻ പോകുന്നത്, സാധാരണ നിരക്കിനേക്കാൾ പല മടങ്ങുകൾ തന്നെ വേണ്ടി വരും യാത്ര ചെയ്യുന്നവർ ചിലവഴിക്കാൻ, കുടുംബമായി നാട്ടിലേക്ക് തിരിക്കാൻ ആഗ്രഹിക്കുന്നവർ ഉൾപെടെയുള്ള പ്രവാസികൾക്ക് വലിയ ഇരുട്ടടിയാണ് വരുംനാളുകളിൽ വരാനിരിക്കുന്നത്. ഇത്തരുണത്തിൽ ഏകീകരിച്ച ഓഫ് പീക്ക് റേറ്റ് മാത്രം ഈടാക്കിയും ജോലി നഷ്ടപ്പെട്ടും മറ്റും തിരിച്ചു പോകാനിരിക്കുന്ന പ്രവാസികളിൽ അർഹരായവരെ സൗജന്യമായും കൊണ്ടു പോകുന്നതിന് നടപടികൾ എടുക്കണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം(KPF) കേന്ദ്ര ഗവൺമെൻറിനോടും, അതിന് വേണ്ട സമ്മർദം കേന്ദ്രത്തിൽ ചെലുത്താൻ കേരള ഗവൺമെൻ്റിനോടും അഭ്യർത്ഥിച്ചു.
