കൊച്ചി: ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി പുറപ്പെട്ട ആദ്യസംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 5 കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ 177 പ്രവാസികളാണ് ജന്മനാട്ടിലേക്ക് തിരികെയെത്തിയിരിക്കുന്നത്. രാത്രി 11.25 ഓടെയാണ് വിമാനം കൊച്ചിയിലിറിങ്ങിയത്. നിലവിൽ കൊച്ചിയിലെത്തിയവരുടെ ആരുടെയും പിസിആർ ടെസ്റ്റ് നടത്തിയിട്ടില്ല. എന്നാൽ വിമാനത്തിൽ കയറുന്നതിന് മുൻപ് തെർമോ മീറ്റർ ഉപയോഗിച്ച് താപനില പരിശോധിച്ചിരുന്നു.
നാട്ടിലേക്ക് തിരികെയെത്താൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നാണ് യാത്രക്കാരിൽ മിക്കവരും പ്രതികരിച്ചത്. തിരികെയെത്തുന്ന പ്രവാസികൾക്ക് വേണ്ടി വലിയ സജ്ജീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസ തീര്‍ന്നവര്‍ തുടങ്ങിയവരാണ് മുന്‍ഗണന പ്രകാരം ആദ്യം നാട്ടിലെത്തിച്ചിരിക്കുന്നത്. രോഗബാധിതരായ ആരെയും ഈ ഘട്ടത്തിൽ രാജ്യത്തേക്ക് കൊണ്ടുവരില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം യാത്രക്കാരെ മുൻകൂട്ടി നിശ്ചയിച്ച ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗർഭിണികൾക്കും കുട്ടികൾക്കും വീടുകളിൽ ക്വാറന്‍റീനിൽ കഴിയണം. യാത്രക്കാരെ കൊണ്ടുപോകാനായി 30 ആംബുലൻസുകളും ഏഴ് കെ.എസ്.ആർ.ടി.സി ബസുകളും വിമാനത്താവളത്തിൽ സജ്ജമാണ്.