അനിശ്ചിതത്വത്തിനൊടുവില്‍ ഒന്നര മണിക്കൂർ വൈകി തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർഇന്ത്യാ വിമാനം പുറപ്പെട്ടു; 8 പേര്‍ക്ക് യാത്രാനുമതിയില്ല

air indiA

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനം പുറപ്പെട്ടു. ഇന്ത്യന്‍ സമയം ഒരു മണിക്ക് പുറപ്പെടേണ്ട വിമാനം ഏതാണ്ട് 1.30 മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. ബഹ്‌റൈന്‍ മിനിസ്ട്രി ഫോറിന്‍ ഓഫ് അഫഴേസ് യാത്രാനുമതി സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കാന്‍ വൈകിയതാണ് അനിശ്ചിതത്വത്തിന് കാരണമായത്. ബഹ്‌റൈന്‍ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ഉള്ളവര്‍ക്കും സ്വദേശികള്‍ക്കുമാണ് നേരത്തെ അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം രൂപപ്പെട്ട ആശയക്കുഴപ്പം യാത്ര വൈകിപ്പിച്ചു. മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ പരിശോധിച്ച ശേഷമാണ് അനുമതി നൽകിയത്.

നേരത്തെ 98 യാത്രക്കാരാണ് വിമാനത്തില്‍ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പുതിയ വിസക്കാരായ 8 പേര്‍ക്ക് യാത്രാനുമതി ലഭിച്ചില്ല. ബഹ്‌റൈനില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് തിരികെ വരാന്‍ തയ്യാറാണെന്ന് യാത്രക്കാര്‍ എയര്‍ ഇന്ത്യക്ക് സത്യാവാങ് മൂലം നല്‍കിയിട്ടുണ്ട്. ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ന് വൈകീട്ട് 4.30ന് പുറപ്പെടേണ്ട (ബഹ്‌റൈന്‍ പ്രദേശിക സമയം) എയര്‍ ഇന്ത്യ വിമാനമാണിത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടിയന്തരാവശ്യത്തിന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്കാണ് വിമാനത്തില്‍ ടിക്കറ്റ് നല്‍കിയിരുന്നത്. ഇതിനായി വന്‍തുകയും എയര്‍ ഇന്ത്യ ഈടാക്കിയിരുന്നു. ഒരു യാത്രക്കാരനില്‍ നിന്ന് 45,000ത്തിലധികം രൂപയാണ് അവസാന നിമിഷങ്ങളിൽ ടിക്കറ്റിനായി ഈടാക്കിയത്. ടിക്കറ്റ് നിരക്ക് കുറച്ചിരുന്നെങ്കിൽ കൂടുതൽ ടിക്കറ്റുകൾ നൽകാൻ സാധിക്കുമായിരുന്നതായി അമിത നിരക്കിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവർ അഭിപ്രായപ്പെട്ടിരുന്നു.

അനുമതി ലഭിക്കും വരെ ഉള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് മണിക്കൂറുകളോളം നിൽക്കേണ്ടി വന്നതായി യാത്രക്കാർ ബഹ്റൈൻ വാർത്തയോട് പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായതിനാൽ പലരും നേരത്തേ എയർപോർട്ടിൽ എത്തിയിരുന്നെങ്കിലും ഉള്ളിലേക്ക് പ്രവേശിക്കാനാവാതെ പുറമെ നിൽക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടാന്‍ വൈകിയതോടെ കോഴിക്കോട്ടേക്കുള്ള മടക്കയാത്രയും വൈകുമെന്നാണ് സൂചനകൾ. ബഹ്റൈനിൽ നിന്നുള്ള രണ്ടാമത് റിപാട്രിയേഷൻ വിമാനമാണിത്. 180 യാത്രക്കാരും നാല് കൈക്കുഞ്ഞുങ്ങളുമാണ് ഇന്ന് കോഴിക്കോട്ടേക്ക് മടങ്ങുന്നത്. കൊച്ചിയിലേക്ക് മടങ്ങിയ ആദ്യ വിമാനത്തിൽ 177 പേരായിരുന്നു. ഗർഭിണികളും രോഗികളുമടങ്ങുന്ന നിരവധി പേർ അവസരം ലഭിക്കാതെ നിരാശരായതിനാൽ കൂടുതൽ വിമാനങ്ങൾ അടിയന്തിരമായി അനുവദിക്കണമെന്ന ആവിശ്യവും ശക്തമായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!