മനാമ: ബഹ്റൈൻ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പത്താമത് വാർഷികാഘോഷങ്ങൾ നാളെ(വെള്ളി) നടക്കും. വൈകിട്ട് 7:30 ന് കേരള കാതലിക് അസോസിയേഷൻ(KCA) ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അഥിതികളെ പ്രവാസി ഗൈഡൻസ് ഫോറം(PGF) പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ബഹ്റൈൻ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തി സ്വീകരിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലർ ജാൻസി ജെയിംസ്, മുൻ ഹയർ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടർ ജെയിംസ് ജോസഫ് എന്നിവരാണ് വാർഷികാഘോഷ പരിപാടിയിലെ മുഖ്യാഥിതികൾ.
വാർഷികത്തോടനുബന്ധിച്ച് കലാപരിപാടികൾക്കൊപ്പം ഗൈഡൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ അവാർഡുകളും വിതരണം ചെയ്യും. കർമജ്യോതി അവാർഡിന് സാമൂഹിക പ്രവർത്തകനും ഐമാക് ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്തിനും, പ്രതിഭ അവാർഡ് രമേഷ് നാരായണൻ, ഷീബ മനോജ് എന്നിവർക്കുമാണ് സമ്മാനിക്കുക. മികച്ച അദ്ധ്യാപകൻ, മികച്ച കോർഡിനേറ്റർ, മികച്ച കൗൺസിലർ എന്നീ അവാർഡുകൾ യഥാക്രമം സജി ജോൺ, അമൃത രവി, രാധമണി സോമരാജൻ എന്നിവർക്കും സമ്മാനിക്കും.
പ്രവാസ ലോകത്തെ വിവിധ സാമൂഹിക പ്രശ്നങ്ങളിലും വർധിച്ചു വരുന്ന ആത്മഹത്യ പ്രവണത നിയന്ത്രിക്കുന്നതിലും ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനയാണ് പ്രവാസി ഗൈഡൻസ് ഫോറം.