അബ്ദുല്‍ വഹാബ് (മൈത്രി സോഷ്യൽ അസോസിയേഷൻ)
വ്രതശുദ്ധിയിലൂടെ കണ്ണും കാതും ഖല്‍ബും ശരീരമാസകലവും കാരുണ്യവാനായ സൃഷ്ടാവിലേക്കു തിരിച്ച് അനുഗ്രഹങ്ങള്‍ നേടി എടുക്കാനും പാപങ്ങള്‍ ശുദ്ധീകരിക്കാനുമുള്ള മാസമാണ് പരിശുദ്ധ റമദാന്‍. റമദാന്‍ ശ്രേഷ്ഠ മാസവും വ്രതം ശ്രേഷ്ഠ അനുഷ്ഠാനവുമാണ്. ഖുര്‍ആന്റെ അവതരണം കൊണ്ട് അനുഗ്രഹീതമായ മാസം എന്ന നിലക്കാണ് റമദാന്‍ മാസം വ്രതാനുഷ്ഠാനത്തിന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
റമദാനിലെ കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒരു സദ്കര്‍മം റമദാനിലായത് കൊണ്ട് മാത്രം അതിന്റെ പുണ്യം കൂടുകയാണ്. അല്ലാഹു നോമ്പിന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞത് നോമ്പ് എനിക്കുള്ളതാണ് അതിന് ഞാന്‍ പ്രതിഫലം നല്‍കുമെന്നാണ്. ഇത് നോമ്പ് എന്ന കര്‍മത്തിന് മാത്രം അവകാശപ്പെടാവുന്ന മഹത്വത്തെ സൂചിപ്പിക്കുന്നതാണ്.
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്ന് എന്ന നിലയില്‍ സത്യ വിശ്വസിക്ക് നോമ്പ് ഒഴിവാക്കാനാകില്ല. നോമ്പ് ഒരു പകലിന്റെ ദൈര്‍ഘ്യമുള്ള ഇബാദത്താണ്. അനാവശ്യ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്തവന്റെ അന്നപാന വികാരാധികളൊഴിവാക്കല്‍ അല്ലാഹുവിന് ആവശ്യമില്ല. വ്രതത്തിനു ക്ഷമ എന്നാണല്ലോ അല്ലാഹു നാമകരണം ചെയ്തിരിക്കുന്നത്. ആത്മാവിനെ സ്വയം വരു തിയിലാക്കി വ്രതമനുഷ്ഠിക്കുന്നവര്‍ തീര്‍ച്ചയായും ക്ഷമാശീലരായി മാറുന്നു.
വികാരങ്ങളെ ആത്മീയത കൊണ്ടും ശരീരത്തെ സദ് കര്‍മങ്ങള്‍ക്ക് വിട്ടു കൊടുത്തും മനുഷ്യന്റെ ചിട്ടയാര്‍ന്ന വ്രതാനുഷ്ഠാനത്തിലൂടെ സാധിക്കുന്നത് മറ്റ് എന്തിനാണ് സാധിക്കുക. ജീവിത പ്രശ്‌നങ്ങളുടെ കുരുക്ക് അഴിക്കാനും സംഘര്‍ഷഭരിതമായ മനസ്സിനെ പ്രകാശപൂരിതമാക്കാനും ഈ പുണ്യ ദിനരാത്രങ്ങള്‍ നല്‍കുന്നത് വലിയ ഊര്‍ജമാണ്.
തെറ്റുപറ്റുന്ന മനുഷ്യരെ ശുദ്ധീകരിക്കാന്‍ റമദാനെ പോലെ മറ്റൊരു സന്ദര്‍ഭവും മനുഷ്യ ജീവിതത്തില്‍ കടന്നു വരാനില്ല. പാപങ്ങളെ കരിച്ചു കളയുകയും ഭൗതിക സമ്മര്‍ദ്ദങ്ങളിലും മറ്റും അകപെട്ട് തെറ്റുകള്‍ സംഭവിച്ചവര്‍ക്കും നല്ലവരായി മാറാന്‍ ഇതു വഴി സാധിക്കുന്നു. റമദാന്‍ തൗബയുടെ മനോഹര സന്ദര്‍ഭമാണ്. തൗബ ചെയ്യുന്നവരെ അള്ളാഹു ഇഷ്ടപ്പെടുന്നു. പശ്ചാത്താപത്തിന് വലിയ പ്രോത്സാഹനം ആണ് ഇസ്ലാം നല്‍കിയിട്ടുള്ളത്.
ആരാധകര്‍ക്ക് വര്‍ധിച്ച പ്രതിഫലമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സുന്നത്തായ കര്‍മ്മങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കണം. ഓരോ സുന്നത്തിനും മറ്റു മാസങ്ങളിലെ നിര്‍ബന്ധ കര്‍മങ്ങളുടെ പ്രതിഫലമാണ് ലഭിക്കുക. വിശപ്പിന്റെ പ്രയാസമനുഭവിക്കാനും അതുവഴി പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനും നോമ്പ് സഹായിക്കുന്നു. പകല്‍ പട്ടിണി കിടക്കുകയും രാത്രി അമിതമായി ആഹരിക്കുകയും ചെയ്യുന്നവര്‍ക്ക് നോമ്പിന്റെ ചൈതന്യം ഉള്‍കൊള്ളാന്‍ കഴിയില്ല. അമിത ആഹാരം പ്രാര്‍ഥനകള്‍ക്കും വിഘാതം സൃഷ്ടിക്കും.
വ്രതത്തിന്റെ ലക്ഷ്യവും സ്വഭാവവും അത് കൊണ്ട് നേടിയെടുക്കേണ്ട വിശുദ്ധിയും എത്രത്തോളമാണെന്ന് ബോധ്യപ്പെടുകയും അതിന്റെ ചൈതന്യം ധാരാളമായി നേടിയെടുക്കുകയും ചെയ്യുന്നവരില്‍ അല്ലാഹു നമ്മെ ഏവരെയും ഉള്‍പ്പെടുത്തുമാറാകട്ടെ ..
ആമീന്‍