നൗഷാദ് മഞ്ഞപ്പാറ (മൈത്രി അസോസിയേഷൻ, ബഹ്റൈൻ)
കുട്ടിക്കാലം മുതലേ റമദാൻ മാസം ആഗതമാകുമ്പോൾ വലിയ സന്തോഷമായിരുന്നു. പ്രത്യേകിച്ച് റമദാനി ലെ ഇരുപത്തിയേഴാം രാവ്. ഭൗതിക പ്രപഞ്ചം സാക്ഷ്യം വഹിക്കാൻ പോകുന്ന ലൈലത്തുൽ ഖദ്ർ എന്ന ഏറ്റവും ഉജ്ജ്വലമായ രാത്രി കൊണ്ട് അനുഗ്രഹീതമാണ് റമദാൻ.
ആ രാത്രിയിൽ ആകാശവും ഭൂമിയും തമ്മിൽ സന്ധിക്കുന്നു. മണ്ണിലെ മനുഷ്യൻ വിണ്ണിലേക്ക് ഉയരുകയും മാനത്തെ മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങി വരികയും ചെയ്യുന്നു. വ്രതം കേവലം പട്ടിണിയുടെ പരിശീലനമല്ല. അതിൻറെ മുഖ്യ ലക്ഷ്യം ദൈവ ഭക്തി വർധിപ്പിക്കലാണ്.
ലോകത്ത് ഒരു നേരത്തെ ഭക്ഷണത്തിനു ഗതിയില്ലാത്ത പട്ടിണി പാവങ്ങളോട് ഐക്യപ്പെടാൻ റമദാൻ വ്രതത്തിലൂടെ നമുക്ക് സാധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കൊറോണ മഹാമാരിയുടെ കാലത്ത്.
പണ്ട് കാലങ്ങളിൽ ഇഫ്‌താർ സംഗമങ്ങൾ സൗഹൃദ സംഗമങ്ങൾ ആയിരുന്നു വിഭവങ്ങൾ കുറവായിരുന്നെങ്കിലും.അന്നത്തെ ജീരക കഞ്ഞിയും, തരിക്കഞ്ഞിയുമൊക്കെ രുചി വിട്ടുമാറാതെ നാവിൻതുമ്പിൽ നിൽകുമ്പോൾ ഇന്നത്തെ പുതു തലമുറക്ക് ഇതൊക്ക അന്യമായി കൊണ്ട് ഇരിക്കുകയാണ്.
കുട്ടിക്കാലത്ത് നാട്ടിൽ ചിലവഴിച്ച നോമ്പും പെരുന്നാളുമൊക്കെ ഗൃഹാതുരതയുടെ ഓർമപെടുത്തലുകൾ ആണെങ്കിൽ കൂടി പ്രവാസ ഭൂമിയിലെ നോമ്പിനും പെരുനാളിനുമൊക്കെ ഇരട്ടി മധുരമാണെന്നാണ് അനുഭവ സാക്ഷ്യം.
കർമ നിരതമായ പകലുകളും ആരാധനകൾ കൊണ്ട് ധന്യമായ രാത്രികളുമാണ് ഗൾഫിലെ പ്രത്യേകത. ഉറക്കമില്ലാത്ത നഗര വീഥികൾ, പള്ളികളിൽ നിന്നും ഉയർന്നു കേൾക്കുന്ന ഹൃദയ സ്‌പർശിയായ ബാങ്കൊലികളും, ഖുർആന്റെ മാസ്മരിക ശബ്ദങ്ങളും കൊണ്ട് മുഖരിതമായിരുന്നു.
എന്നാൽ ഇ വർഷം അല്ലാഹുവിന്റെ പരീക്ഷണമായ കൊറോണ വന്നതോട് കൂടി ആ മധുര നാദങ്ങൾ നിലച്ചു. അടുത്ത റമദാൻ ആഗതമാകും മുന്നേ ഈ മഹാമാരിയെ അല്ലാഹു ലോകത്ത് നിന്നും തുടച്ചുമാറ്റി നമ്മുടെയെല്ലാം മനസിൽ സന്തോഷവും സമാധാനവും പ്രദാനം ചെയ്യട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം.
കഴിഞ്ഞ വർഷം വരെ പല ഇഫ്‌താർ പാർട്ടികളും അന്തസ്സിനും ആർഭാടത്തിനും വേണ്ടിയാണ് നടത്തിയിരുന്നതെങ്കിൽ ഈ വർഷം പാവപ്പെ ട്ടവനും പണക്കാരനും ഒരേ രീതിയിൽ നാല് ചുവരിന്റെ ഉള്ളിൽ ഒതുങ്ങി കൂടുന്ന അവസ്ഥ വന്നു.
സ്വന്തം മാതാപിതാക്കളെയും, സഹോദരങ്ങളെയും പോലും നേരിൽ കാണുമ്പോൾ പേടി തോന്നുന്ന ഒരു കാലഘട്ടം.
ഇന്ന് ബന്ധങ്ങൾ യാന്ത്രികമാവുകയും കൂട്ടു കുടുംബങ്ങൾ അണു കുടുംബ വ്യവസ്ഥയിലേക്ക് രൂപമാറ്റം സംഭവിക്കുകയും ചെയ്തപ്പോൾ പണ്ട് കാലത്ത് ഊഷ്മളമായി നിലനിന്നിരുന്ന സ്നേഹബന്ധങ്ങളിൽ വിള്ളലുകൾ വീണു.
പോക്കുവരവുകളും ആശംസ കൈമാറ്റങ്ങളും സോഷ്യൽ മീഡിയയിലൂടെയുള്ള ചടങ്ങായി മാറി. പഴയ കാല കൂട്ടു കുടുംബ വ്യവസ്ഥയിലേക്കും കൂടിച്ചേരലുകളിലേക്കുമൊക്കെ തിരിച്ചു നടക്കാൻ കഴിയുമോ എന്നറിയില്ല. എന്തായാലും സ്നേഹ സമ്പന്നമായ ഒരു പരിസരം വളർന്നു വരട്ടെ എന്ന് പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.