റിയാദ്: നാട്ടിലെത്താനാവാതെ സൗദി അറേബ്യയിലെ തബൂക്കില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങികിടക്കുന്നു. ഗര്‍ഭിണികളും തൊഴില്‍ നഷ്ടപ്പെട്ടവരും ഉള്‍പ്പെടെയുള്ളവരാണ് നാട്ടിലെത്താനാവാതെ കുടുങ്ങിയത്. റീപാട്രീഷന്‍ വിമാനം ജിദ്ദയില്‍ നിന്നാണ് പുറപ്പെടുന്നത്. തബൂക്കില്‍ നിന്ന് ജിദ്ദ വിമാനത്താവളത്തിലേക്ക് 1200 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ നിലവില്‍ ഇവര്‍ക്കാര്‍ക്കും സൗകര്യങ്ങളില്ല. കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ സൗദി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും യാത്രക്ക് തടസമുണ്ടാക്കുന്നുണ്ട്.
ഫൈനല്‍ എക്‌സിറ്റ് അടിച്ച് രണ്ട് മാസത്തോളമായി പലരും നഴ്‌സുമാരുടെ കൂട്ടത്തിലുണ്ട്. ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലായ ഇവര്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിവിധ അതോറിറ്റികളെ സമീപിച്ചിട്ടുണ്ട്. തബൂക്കില്‍ നിന്ന് ജിദ്ദയിലെത്താന്‍ ആഭ്യന്തര വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാരോ, എംബസിയോ ഇടപെടല്‍ നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
സൗദി ജോര്‍ദ്ദാന്‍ അതിര്‍ത്തിയായ തബൂക്കിലെ കിംഗ് ഖാലിദ് ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. 17 പേരില്‍ ചിലര്‍ റോഡ് മാര്‍ഗം ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരുഭൂമിയിലൂടെയുള്ള യാത്ര ദുഷ്‌കരമായതിനാല്‍ ഏഴ് മാസം ഗര്‍ഭിണികളായി ചിലരും മോശം ആരോഗ്യവസ്ഥയില്‍ കഴിയുന്നവരും തബൂക്കില്‍ തന്നെ തുടരുകയാണ്. തബൂക്കില്‍ നിന്ന് പതിനൊന്ന് മണിക്കൂര്‍ യാത്ര ചെയ്താലെ ഇവര്‍ക്ക് വിമാനത്താവളത്തിലെത്താനാവു.