മനാമ: വൈറസ് ബാധിതരമായി സമ്പര്‍ക്കം പുലര്‍ത്തിയ 1879 കണ്ടെത്തിയത് ‘ബി അവെയര്‍’മൊബൈല്‍ ആപ് വഴി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് മുഹമ്മദ് അലി അല്‍ ഖ്വഈദ് ആണ് വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സമ്പര്‍ക്ക പട്ടികയിലെത്തിവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം ഇത് എളുപ്പമാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 545,000 പേരാണ് ആപ് ഡൗണ്‍ലോഡ് ചെയ്തത്. 343,072 പേര്‍ രജിസ്റ്റര്‍ ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ അവബോധമാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരോ വ്യക്തികള്‍ക്കും കോവിഡ്-19 സ്ഥിരീകരിക്കുന്നതിന് പിന്നാലെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തില്‍ നിര്‍ത്തിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍ സമ്പര്‍ക്ക പട്ടിക നിര്‍മ്മിക്കുമ്പോള്‍ മനുഷ്യ സഹജമായ തെറ്റുകള്‍ വരാന്‍ സാധ്യതകളേറെയാണ്. ഇത് മുന്‍നിര്‍ത്തിയാണ് ബഹ്‌റൈന്‍ ‘ബി അവെയര്‍’മൊബൈല്‍ ആപ് നിര്‍മ്മിക്കുന്നത്. ആപ് സമ്പര്‍ക്ക പട്ടിക ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയ്യാറാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആപ് സഹായിക്കും.