മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ-ജീവകാരുണ്യ സംഘടനയായ കെ.എം.സി.സി ബഹ്റൈന്‍റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30 ന് മനാമ അല്‍റജാ സ്കൂളില്‍ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
‘സമര്‍പ്പിത സംഘബോധത്തിന്‍റെ നാല്‍പതാണ്ട്’ എന്ന ശീര്‍ഷകത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ, ക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കും. സമ്മേളനത്തില്‍ ബഹ്റൈനിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, പൗരപ്രമുഖര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫിയും സീ ടീവീ റിയാലിറ്റി ഷോ ജേതാവ് യുംന അജിന്‍ എന്നിവര്‍ നയിക്കുന്ന മെഹ് ഫിൽ നിലാവ് എന്ന സംഗീതനിശയും നടക്കും. പ്രമുഖ റേഡിയോ അവതാരകൻ റെജി മണ്ണേൽ ചടങ്ങിൽ പ്രത്യേക അതിഥിയായെത്തും.
ആഘോഷപരിപാടികളില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെ ബഹ്റൈനിലെത്തിയ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയെ വിവിധ സാമൂഹ്യസംഘടനാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.