കുവൈറ്റ് സിറ്റി: ഇക്കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ മരിച്ചത് 10 കുവൈറ്റ് പ്രവാസി മലയാളികള്‍. രണ്ടു പേര്‍ കേരളത്തിലും എട്ടുപേര്‍ കുവൈറ്റിലുമാണ് മരണപ്പെട്ടിരിക്കുന്നത്. അപൂര്‍വ്വ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കുവൈറ്റില്‍ മരണപ്പെട്ടവരില്‍ ആറ് പേര്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന.
അഞ്ചല്‍ ഏരൂര്‍, നടക്കുന്നംപുറം അശ്വതിഭവന്‍ സ്വദേശി രേണുക തങ്കമണി (ബിജി-47), മലപ്പുറം മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈദലവി (56), ജാബിരിയയിലെ കുവൈത്ത് സെന്‍ട്രല്‍ ബ്ലെഡ് ബാങ്കില്‍ നഴ്സ് ആയിരുന്ന ആനി മാത്യൂ (54), കണ്ണൂര്‍ പാനൂര്‍ കൂരാറ സ്വദേശി അഷ്‌റഫ് എരഞ്ഞൂല്‍ (51), കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി അക്കാളത്ത് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (32), തിരുവനന്തപുരം കണ്ണാന്തുറ സ്വദേശിയായ ക്രീസ് ഹൗസില്‍ ആന്റണി തോമസ് (ടോണി 73) എന്നിവരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബുധനാഴ്ച എയര്‍ ഇന്ത്യയുടെ റീപാട്രീഷന്‍ വിമാനത്തില്‍ നാട്ടിലെത്തിയ മാണിക്കോത്ത് പടിഞ്ഞാര്‍ അബ്ദുല്ല (65) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. കാസര്‍കോട് കൂളിയങ്കാല്‍ സ്വദേശിയും ഐ.എം.സി.സി കുവൈത്ത് സെക്രട്ടറിയുമായ ബി.സി അഷ്‌റഫാണ് നാട്ടില്‍ മരിച്ച മറ്റൊരു വ്യക്തി. തിരുവനന്തപുരം കിളിമാനൂര്‍, ഇരട്ടച്ചിറ, രത്‌നാഭവനില്‍ സുരേഷ് ബാബു (60) ഹൃദയാഘാതം മൂലം കുവൈറ്റില്‍ മരിച്ചു.