റിയാദ്: റോഡരികില്‍ നിന്ന് വീണു കിട്ടിയ 2 ലക്ഷം രൂപയും ഇഖാമയും ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് പ്രവാസി മലയാളി. റിയാദ് അസീസിയയിലെ കേരള റസ്റ്റോറന്റ് ജീവനക്കാരനായ മലപ്പുറം സ്വദേശി ശറഫൂദ്ദീനാണ് കഥയിലെ സൂപ്പര്‍ താരം. ശറഫൂദ്ദീന്റെ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു.
ഏതാനും ദിവസം മുന്‍പാണ് 2 ലക്ഷത്തിലധികം രൂപ(ഏതാണ്ട് 10,000 സൗദി റിയാല്‍) ഇഖാമയും അടങ്ങുന്ന പഴ്‌സ് ശറഫൂദ്ദീന് റോഡരികില്‍ നിന്ന് വീണു കിട്ടിയത്. ഉടമസ്ഥനെ അന്വേഷിച്ചെങ്കിലും പരിസരത്തൊന്നും പണം കളഞ്ഞു പോയ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ബഖാലയിലെ ജീവനക്കാരോട് വിവരം പറയുകയും പണവും രേഖകളും അവരെ ഏല്‍പ്പിക്കുകയും ചെയ്തു.
ലോക്ഡൗണിനിടയിലും നഷ്ടപ്പെട്ട പണവും രേഖകളും അന്വേഷിച്ച് വടക്കേ ഇന്ത്യക്കാരനായ ഉടമ ബഖാലയിലെത്തി. നിരവധി സ്ഥലങ്ങളില്‍ അന്വേഷിച്ച ശേഷമായിരുന്നു അവിടെയെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ പഴ്‌സിന്റെ ഉടമസ്ഥനെത്തിയ വിവരം ശറഫുദ്ദീനെ അറിയിച്ചു. തുടര്‍ന്ന് ശറഫുദ്ദീന്‍ അവിടെയെത്തി അത് യഥാര്‍ഥ ഉടമസ്ഥന്‍ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം പഴ്‌സ് മടക്കി നല്‍കി.
കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണവും മറ്റു രേഖകളും തിരികെ തന്നതിന് ശറഫൂദ്ദീനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് പേഴ്‌സ് ഉടമസ്ഥന്‍ പറഞ്ഞു. രണ്ടര വര്‍ഷമായി ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന ശറഫൂദ്ദീന്‍ മലപ്പുറം സ്വദേശിയാണ്. നാട്ടില്‍ രണ്ട് മക്കളും ഭാര്യയുമുണ്ട്.