മനാമ: ബഹ്റൈനിൽ സമസ്തയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു നാട്ടിൽ മരണപ്പെട്ട അഞ്ചലൻ കുഞ്ഞഹമ്മദ് ഹാജിയെന്നും അദ്ദേഹത്തിന്റെ പരലോക ഗുണത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും വീടുകളിൽ മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കണമെന്നും സമസ്ത ബഹ്റൈൻ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
ബഹ്റൈനിൽ മത-സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്ന അദ്ദേഹം സമസ്തയുമായും മത സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം മുൻപന്തിയിലുണ്ടായിരുന്നതായി നേതാക്കൾ അനുസ്മരിച്ചു.
ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് ബഹ്‌റൈനിൽ പ്രഥമ കമ്മറ്റി രൂപീകരിച്ചതും വൈസ്ചാൻസിലറായ ബഹാവുദ്ധീൻ നദ് വി ഉസ്താദിനെ ആദ്യമായി ബഹ്‌റൈനിലെത്തിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു.
ഈ പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ചുള്ള സമൂഹ പ്രാർത്ഥന നിർവ്വഹിക്കാൻ സാധ്യമല്ലാത്തതിനാൽ എല്ലാവരും വീടുകളിലും ഫ്ലാറ്റുകളിലും മയ്യിത്ത് നിസ്കാരങ്ങൾ സംഘടിപ്പിക്കണമെന്നും പ്രത്യേകം പ്രാർത്ഥിക്കണമെന്നും സമസ്ത ബഹ്റൈൻ ഭാരവാഹികൾക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി അബ്ദുൽ വാഹിദ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു. മുൻ ബഹ്റൈൻ പ്രവാസിയായിരുന്ന അഞ്ചലൻ കുഞ്ഞഹമ്മദ് ഹാജി മലപ്പുറം ജില്ലയിലെ പറമ്പിൽ പീടികയിലെ സ്വവസതിയിൽ ശനിയാഴ്ച കാലത്താണ് നിര്യാതനായത്.