എന്റെ നോമ്പ് (സനൂപ് തലശ്ശേരി)
നോമ്പു പിടിക്കുകയും, ജാതിയുടെയും മതത്തിന്റെയും വ്യത്യസങ്ങളില്ലാതെ പള്ളികളിലും അമ്പലങ്ങളിലുമൊക്കെ പോകുകയും ചെയ്യുന്ന തികച്ചും ഒരു മതേതര വിശ്വാസിയാണ് ഞാന്‍. മത വികാരത്തെക്കാള്‍ സത്യവും ജീവനുമുള്ളതാണ് മനുഷ്യര്‍ തമ്മിലുള്ള സൗഹൃദവും സ്‌നേഹബന്ധങ്ങള്‍ ആണെന്നും എന്നും മനസ്സിലാക്കിയിട്ടുമുണ്ട് ചെറുപ്പം മുതല്ലെ അത് മനസ്സിലാക്കി തന്നതും എന്റെ മാതാപിതാകള്‍ തന്നെയാണ്.
ഗള്‍ഫ് ജീവിതം തുടങ്ങീയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും എല്ലാ വര്‍ഷവും രണ്ടും മൂന്നും നോമ്പ് വരെ എടുത്തിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം സമ്മാനിച്ച സൗഭാഗ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, ഈ മാസത്തിന്റെ പവിത്രതയും വിശുദ്ധിയും ഉള്‍ക്കൊണ്ട് നോമ്പെടുക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ്.
ഗള്‍ഫ് ജീവിതം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കഴിഞ്ഞ ഏതാനം വര്‍ഷമായിട്ട് ഒന്നും രണ്ടും മൂന്നും നോമ്പായിട്ട് എല്ലാം എടുക്കാറുണ്ട്. ഒരു പക്ഷെ അതില്‍ കൂടുതല്‍ എടുക്കാന്‍ കഴിയാറില്ല കാരണം എന്റെ ജോലിയുടെ പ്രത്യേകത തന്നെയാണ്. മസ്‌ക്കറ്റില്‍ ജോലി ചെയ്യുമ്പോള്‍ ചിലപ്പോള്‍ എല്ലാം തുടക്കത്തില്‍ നോമ്പ് എടുക്കാന്‍ ശ്രമം നടത്താറുണ്ട്. അന്നെല്ലാം പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ പച്ചവെള്ളം പോല്ലും കഴിക്കാതെ ഇരിക്കുന്ന കൂട്ടുകാര്‍ക്ക് ഒപ്പം നോമ്പ് എടുത്ത് മുറിക്കേണ്ടി വന്നിട്ടുമുണ്ട്. കാരണം ചുറ്റും നോമ്പ് നഷ്ടപ്പെടുത്താവുന്ന സകലമാന സൗകര്യങ്ങളും. അത് ത്യജിക്കാനും അതിജീവിക്കാനും വിശ്വാസത്തിനു മാത്രമേ കഴിയൂ എന്ന് അന്ന് പലപ്പോഴും മനസ്സിലാക്കിയിട്ടുമുണ്ട്.
എന്നിട്ടും രണ്ടും മൂന്നും ആയി എല്ലാ വര്‍ഷവും നോമ്പ് എടുത്തിരുന്നു. ഈ വര്‍ഷം ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കോവിഡ് 19 കാരണം റൂമില്‍ തന്നെയാണ്. നോമ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഉറപ്പിച്ചിരുന്നു എന്ത് വന്നാലും തുടക്കം മുതല്‍ എല്ലാ നോമ്പും എടുക്കണമെന്ന് അതിനിടയിലാണ് ക്വാറന്റൈനില്‍ ആവുന്നതും.
ഇന്ന് വരെ ഒരു നോമ്പും വിടാതെ നോമ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നു ഗള്‍ഫിലെത്തിയിട്ടും നോമ്പെടുക്കാന്‍ കഴിയാത്തവന്, ഈ ലോകത്ത് വേറൊടിത്തും ഇനി നോമ്പ് പിടിക്കാന്‍ കഴിയില്ലയെന്ന സത്യം. അത്രമാത്രം അനുകൂല ചുറ്റുപാടുകളും സൗകര്യങ്ങളുമാണിവിടെ ഉള്ളത് ഇപ്പോ മാത്രമല്ല എന്നും!
നോമ്പ് ഒഴിവാക്കി നടക്കാനാണ് ഗള്‍ഫില്‍ ഏറ്റവും വലിയപ്രയാസം എന്ന് തോന്നുന്നു. കാരണം, ഇവിടെ എല്ലാവര്‍ക്കും ഈ മാസം വ്രതമാണ്. മനുഷ്യര്‍ക്കുമാത്രമല്ല, പ്രകൃതിക്കുപോലും. പകല്‍ ഉറങ്ങുകയും രാത്രി ഉറങ്ങാതിരിക്കുകയും ചെയ്യുന്നു ഭൂരിഭാഗം ആളുകളും. ഇത്തരക്കാര്‍ക്കെല്ലാം വ്രതം അനുഗ്രഹമാണ്. എന്നാല്‍ പുറംജോലിയെടുക്കുന്നവരെ സംബന്ധിച്ച് നാട്ടില്ലെ പോല്ലെ ഇവിടെയും ഉപവാസം അതികഠിനം തന്നെ.
നാട്ടിലെ ഒരു നോമ്പെടുത്തവന് ഗള്‍ഫില്‍ പതിനായിരം നോമ്പെടുക്കാനും പ്രയാസമുണ്ടാവില്ല. അതായത് നാട്ടിലെ ഒരു നോമ്പ് സമം ഗള്‍ഫിലെ മുപ്പതു നോമ്പ് എന്ന് സുഹൃത്തുക്കള്‍ തമാശക്ക് പറയുന്നതിലും വലിയൊരു സത്യമുണ്ടെന്ന് ഗള്‍ഫില്‍ ജീവിക്കുന്ന, ഇതു വായിക്കുന്ന പലര്‍ക്കും മനസിലാവും.
എന്നാല്‍, ഇന്ന് ഓരോ നോമ്പുതുറക്കുമ്പോഴുള്ള ആനന്ദത്തിനും ദൈവ സന്നിധിയിലെത്തുമ്പോഴുണ്ടാവുന്ന ആഹ്ലാദത്തിനും ഒപ്പം ആത്മാവിനു കിട്ടുന്ന വലിയ വലിയ ആഹ്ലാദങ്ങളും നോമ്പ് പ്രദാനം ചെയ്യുന്നുണ്ട് എന്നത് വലിയൊരു സത്യമാണ്.