കൊച്ചി: സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കോവിഡ് ലക്ഷണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആറ് പേര്‍ക്കും ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാള്‍ക്കുമാണ് രോഗലക്ഷണം സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ വിമാനം ഇറങ്ങിയവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
ഇന്നലെ രാത്രി 8.39നാണ് അബുദാബിയില്‍ നിന്ന് 175 യാത്രക്കാരുമായി റീപാട്രീഷന്‍ വിമാനം പറന്നിറങ്ങുന്നത്. യാത്രക്കാരില്‍ രണ്ട് കൈഞ്ഞുങ്ങളും പ്രായമായവരും ഉള്‍പ്പെട്ടിരുന്നു. നേരത്തെ ആരോഗ്യ പരിശോധനയില്‍ കോവിഡ് സംശയം തോന്നിയ 5 പേരെ അബുദാബി വിമാനത്താവളത്തില്‍ വെച്ച് തിരികെ അയച്ചിരുന്നു. സംസ്ഥാനത്ത് എത്തുന്നവര്‍ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ശേഷം മാത്രമായിരിക്കും പൊതു ഇടങ്ങളില്‍ പ്രവേശിക്കുവാന്‍ അനുമതി ലഭിക്കുക.
അതേസമയം കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-13, മാലി ദ്വീപ്-4, സൗദി-2, കുവൈറ്റ്-1, ഖത്തര്‍-1) 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-1) വന്നവരാണ്. കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 130 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 3998 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 58,919 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 65,564 പേരാണ് എത്തിയത്.