മനാമ: കോവിഡ് കാലത്ത് മരുന്നുകള്‍ക്കായി കഷ്ടപ്പെടുന്നവര്‍ കൈത്താങ്ങായി നോര്‍ക്ക മെഡിക്കല്‍ അസിസ്റ്റന്‍സ് ടീം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്ഥിരമായി മരുന്ന കഴിക്കുന്ന പ്രവാസി രോഗികള്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വലിയ തുക നല്‍കി മരുന്ന് വാങ്ങുന്നവരും, താല്‍ക്കാലികമായി മരുന്ന് കഴിക്കുന്നത് നിര്‍ത്തേണ്ടി വന്നവരും ഇതില്‍ ഉള്‍പ്പെടും. ഈ സാഹചര്യത്തിലാണ് റഫീക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഡോ. ബാബു രാമചന്ദ്രന്‍, ഡോ.പി.വി. ചെറിയാന്‍ എന്നിവരുടെ സഹകരണത്തോടെ മെഡിക്കല്‍ ടീം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
അവശ്യക്കാരെ കണ്ടെത്തി നിരവധി സഹായങ്ങള്‍ മെഡിക്കല്‍ ടീം എത്തിച്ചു കഴിഞ്ഞു. പദ്ധതിക്ക് ബഹ്‌റൈനിലെ ഡോക്ടര്‍മാരില്‍ നിന്നും ഫാര്‍മസികളില്‍ നിന്നും മനുഷ്യത്വപരമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് കേരളിയ സമാജം പ്രസിഡന്റും ലോക കേരള സഭ അംഗവുമായ പി.വി. രാധാകഷ്ണ പിള്ള പറഞ്ഞു. നൂറു കണക്കിന് ആളുകള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കാനും ആരോഗ്യപരമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു വരുന്നു.
ലഭ്യമല്ലാത്ത മരുന്നുകള്‍ക്ക് പകരം കഴിക്കാവുന്ന മരുന്നുകള്‍ നിര്‍ദ്ദേശിച്ചും അത്യാവശ്യക്കാര്‍ക്ക് ഇന്‍സുലിന്‍ അടക്കം വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളിലും എംബസിയിലും കടുത്ത സമര്‍ദ്ദങ്ങള്‍ നല്‍കിയ ശേഷമാണ് സ്വകാര്യ കാര്‍ഗോ കമ്പനിയുമായി ചേര്‍ന്ന് നോര്‍ക്ക വഴി മരുന്നുകള്‍ ബഹ്‌റൈനിലെത്താനുള്ള സാഹചര്യമുണ്ടായത്. ഇപ്പോള്‍ ഡിഎച്ച്എല്‍ കാര്‍ഗോ കബനി നാട്ടിലെ വിവിധ ജില്ലകളില്‍ നിന്ന് മരുന്ന് ശേഖരിച്ച് ബഹ്‌റൈനില്‍ എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്.
ലോക കേരളസഭ അംഗങ്ങളായ പി.വി രാധാകൃഷ്ണ പിള്ള, സി.വി, നാരായണന്‍, പ്രവാസി കമ്മിഷന്‍ അംഗം കൂടിയായ സുബൈര്‍ കണ്ണൂര്‍, സമാജം എക്‌സിക്യൂട്ടീവ് അംഗമായ ശരത്ത് നായര്‍ എന്നിവരാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നത്. ഡോ. ഷംനാദ്, ഡോ.പ്രദീപ്, ഡോ.മനോജ്, ഡോ.നജീബ്, ഡോ.പ്രദീപ്, ഹബീബ് റഹ്മാന്‍, ഷൗക്കത്തലി, അബ്ദുല്‍ ഗഫൂര്‍, ബഹറിന്‍ കേരള’ ഫാര്‍മസിസ്റ്റ് അംഗങ്ങളായ പ്രദീപ്, സ്മിത, എന്നിവരുടെ കമ്മിറ്റിയാണ് ആവശ്യമായ സഹായങ്ങള്‍ നോര്‍ക്ക മെഡിക്കല്‍ ടീമിന് നല്‍കി വരുന്നത്.
മരുന്നുകളുടെ സഹായത്തിനാവശ്യമായ ആളുകള്‍ക്ക് തുടര്‍ന്നും റഫീക്ക് അബ്ദുള്ളയെ 38384504 എന്ന നമ്പറിലോ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് 35347148 ,33902517 (രാവിലെ പത്തു മണി മുതല്‍ രാത്രി 12 വരെ) 35320667, 39804013 (വൈകിട്ട് അഞ്ചു മുതല്‍ രാത്രി 11 മണി വരെ) വഴിയോ ബന്ധപ്പെടാവുന്നതാണ്. ആവശ്യമായവര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുവാനും കഴിയും.