മനാമ: വന്ദേ ഭാരത് ദൗത്യത്തില്‍ ബഹ്റൈനെ അവഗണിക്കുന്നതായി പരാതി. റീപാട്രീഷന്‍ വിമാനങ്ങളില്‍ നടണയാന്‍ കാത്തിരിക്കുന്നത് 20,000ത്തിലേറെ പേരാണ്. വാര്‍ദ്ധ്യക്യം തളര്‍ത്തിയ പ്രവാസികളും, രോഗികളും, ഗര്‍ഭിണികളുമെല്ലാം ഈക്കൂട്ടത്തിലുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് പറന്നുയര്‍ന്നത് രണ്ട് വിമാനങ്ങള്‍ മാത്രമാണ്. രണ്ടാം ഘട്ടത്തില്‍ ഇത് ഒരു വിമാനമായി ചുരുങ്ങി. തെലുങ്കാനയിലേക്ക് രണ്ടാം ഘട്ടത്തില്‍ ഒരു സര്‍വീസ് നടത്തിയിരുന്നു. 175 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്.
കോവിഡ്-19 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട നിരവധി പ്രവാസികള്‍ ബഹ്‌റൈനില്‍ കഴിയുന്നുണ്ട്. വാടക കുടിശിക കൊടുക്കാനില്ലാതെ മിക്കവരും കുടിയൊഴിപ്പിക്കല്‍ ഭീഷണിയുടെ വക്കിലാണ്. 7 മാസം പിന്നിട്ട നിരവധി ഗർഭിണികളാണ് ആശങ്കയോടെ കഴിയുന്നത്. റീപാട്രീഷന്‍ വിമാന സര്‍വീസുകള്‍ വൈകുന്തോറം മിക്കവരും വലിയ ദുരിത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 366 പേരാണ് കേരളത്തിലേക്ക് തിരികെ എത്തിച്ചേര്‍ന്നിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് ഒരു സര്‍വീസ് കൂടിയുണ്ട്.
അതേസമയം അടിയന്തരമായി രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ നിന്ന് പകുതി പേരെ പോലും നാട്ടിലെത്തിക്കാന്‍ നിശ്ചയിക്കപ്പെട്ട സര്‍വീസുകള്‍ക്ക് സാധിക്കില്ലെന്നതാണ് വാസ്തവം. നോര്‍ക്കയും ബഹ്‌റൈന്‍ കേരളീയ സമാജവും ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് അധികൃതരുടെ അനുമതി വേണം. തൊഴിലില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.