കുവൈറ്റ് സിറ്റി: കോവിഡ്-19 പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാളിന് ശേഷം 50 ശതമാനം പ്രവാസികളെ പിരിച്ചു വിടാനൊരുങ്ങി കുവൈറ്റ് മുന്‍സിപ്പാലിറ്റി. മന്ത്രി വലിദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുവൈറ്റ് മുന്‍സിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന 50% വിദേശികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
പെരുന്നാളിന് ശേഷം ആരംഭിക്കുന്ന ഒഴിവാക്കല്‍ പട്ടികയില്‍ എഞ്ചിനീയര്‍മാര്‍, നിയമവിദഗ്ദര്‍, സെക്രട്ടറി പോസ്റ്റില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കടക്കം ഉള്‍പ്പെടും. ജോലിയില്‍ നിനലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അതത് വകുപ്പ് മേധാവികള്‍ സമര്‍പ്പിക്കണം. മുന്‍സിപ്പാലിറ്റിയില്‍ വിദേശികളെ നിയമിക്കുന്നതും നിര്‍ത്തലാക്കി. സ്വദേശിവത്കരണത്തിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി.
അതേസമയം കുവൈറ്റില്‍ 1041 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 325 പേര്‍ ഇന്ത്യക്കാരാണ്. നിലവില്‍ 18609 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം.