വർണാഭമായി പ്രവാസി ഗൈഡന്‍സ് ഫോറം ദശവാര്‍ഷികാഘോഷം; കർമജ്യോതി പുരസ്‌കാരം ഫ്രാൻസിസ് കൈതാരത്തിനു സമ്മാനിച്ചു

മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പത്താം വാർഷിക ആഘോഷം വിപുലമായി സംഘടിപ്പിച്ചു. സഗയയിലെ കെ സി എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം മുൻ ഡയറക്ടർ ജെയിംസ് ജോസഫ്, മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ ജാൻസി ജെയിംസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പ്രസിഡന്റ്‌ ലത്തീഫ് ആയഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനും സംഘടകനുമായ ഫ്രാൻസിസ് കൈതാരത്തിനു പിജിഎഫ് കർമജ്യോതി പുരസ്‌കാരം സമ്മാനിച്ചു. രമേശ്‌ നാരായൺ, ഷീബ മനോജ്‌ എന്നിവർക്ക് പിജിഎഫ് പ്രോഡിജി പുരസ്‌കാരം സമ്മാനിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പിജിഎഫ് അംഗങ്ങൾ ആയ അമൃത രവി, സജി ജോൺ, രാധാമണി സോമരാജൻ എന്നിവരെയും, പിജിഎഫ് വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വിവിധ പരിശീലന പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.

പി ജി എഫ് ചെയർമാൻ ഡോ ജോൺ പനക്കൽ, വർക്കിംഗ്‌ ചെയർമാൻ പ്രദീപ്‌ പുറവങ്കര, ജനറൽ സെക്രട്ടറി പ്രദീപ്‌ പതേരി എന്നിവർ സംസാരിച്ചു. 2019-2020 വർഷങ്ങളിലെ പിജിഎഫ് ഭരണസമിതിയുടെ സാരഥ്യം ലത്തീഫ് ആയഞ്ചേരിയിൽ നിന്നും ക്രിസോസ്റ്റം ജോസഫ് സ്വീകരിച്ചു. ഇവന്റ് കൺവീനർ വിശ്വനാഥന്‍ ഭാസ്കരന്‍ , അനിൽ, സജി തുടങ്ങിയവർ യോഗം നിയന്ത്രിച്ചു. വിവിധ കലാപരിപാടികളും പത്താം വാർഷികാഘോഷത്തിനു നിറം പകർന്നു.