മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിൻ്റെ മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽനിന്നുള്ള ആദ്യ വിമാനം ഇന്ന്(മെയ് 26) കോഴിക്കോട്ടേക്ക് പുറപ്പെടും. വൈകീട്ട് 4.10ന് ബഹ്റൈനിൽ നിന്ന് യാത്രതിരിക്കുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 11ന് കോഴിക്കോട് എത്തും. രണ്ട് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 179 യാത്രക്കാരാണ് ഈ വിമാനത്തിൽ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. ഇവർക്കുള്ള ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി വിതരണം ചെയ്തിരുന്നു. കോഴിക്കോട് നിന്ന് ഇന്ന് രാവിലെ യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തിരിച്ച് ഇവിടെനിന്നും റിപാട്രിയേഷനായി മടങ്ങുന്നത്.
ആദ്യ രണ്ടു ഘട്ടങ്ങളിലായി നാല് വിമാനങ്ങൾ മാത്രമായിരുന്നു പ്രവാസികളുടെ മടക്കയാത്രക്കായി ഉണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണം കേരളത്തിലേക്കും ഒരെണ്ണം തെലുങ്കാനയിലേക്കുമായിരുന്നു. 723 ഇന്ത്യക്കാരാണ് ഈ ഘട്ടങ്ങളിൽ ജന്മനാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്ക് അഞ്ച് സർവീസുകളാണ് ഉള്ളത്. മെയ് 26, 30, ജൂൺ 2 തീയതികളിൽ കോഴിക്കോട്ടേക്കും മെയ് 28, ജൂൺ 1 തീയതികളിൽ കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവീസ് നടത്തുന്നത്. കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നുമാണ് പുറപ്പെടുന്ന സമയങ്ങൾ.
28ന് കൊച്ചിയിലേക്കുള്ള വിമാനത്തിൻ്റെ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. 177 പേരാണ് കൊച്ചിയിലേക്കുള്ള യാത്രക്കാർ. അന്ന് കൊച്ചിയിൽനിന്ന് തിരികെ വരുന്ന വിമാനത്തിലും യാത്രക്കാരെ കൊണ്ടുവരുന്നുണ്ട്. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്ന് അവസാനിക്കും. ബഹ്റൈൻ പൗരൻമാർക്കും സാധുവായ റസിഡൻറ് പെർമിറ്റ് ഉള്ളവർക്കുമാണ് യാത്രക്ക് അനുമതി. വിമാനത്തിന് ടിക്കറ്റ് നിരക്ക് 45000 രൂപയായി ഉയർന്നിരുന്നു. ബഹ്റൈനിൽനിന്ന് സർവീസ് നടത്തുന്ന മറ്റ് ദിവസങ്ങളിലും ഇങ്ങോട്ട് വരുന്ന വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതിന് അനുമതി തേടിയിട്ടുണ്ട്.