മനാമ: ബഹ്‌റൈനില്‍ നിന്ന് കോഴിക്കോടേക്ക് ഇന്ന് പുറപ്പെടുന്ന വിമാനത്തിലുള്ള യാത്രക്കാരെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ എംബസി രജിസ്ട്രേഡ് മലയാളി സംഘടനകളെ ഏല്‍പ്പിച്ച സംഭവത്തിലുണ്ടായ അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള. എംബസിയുടെ നിര്‍ദേശ പ്രകാരം സമാജം തയ്യാറാക്കിയ പട്ടികയില്‍ അര്‍ഹാരായവര്‍ക്ക് മാത്രമാണ് ഇടം നല്‍കിയതെന്നും ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിവാദങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും പി.വി രാധാകൃഷ്ണ പിള്ള ബഹ്‌റൈന്‍ വാര്‍ത്തയോട് പറഞ്ഞു. നേരത്തെ അനര്‍ഹരായവര്‍ക്ക് പട്ടികയില്‍ ഇടം നല്‍കിയെന്ന് ആരോപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു.
വീഡിയോ:
തീര്‍ത്തും നിസ്സഹായരായ ആളുകളെ സഹായിക്കാനുള്ള പരിശ്രമത്തെ തെറ്റായി വ്യാഖ്യാനിച്ച് അപകീര്‍ത്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധകരമാണ്. ബി.കെ.എസ്, കെ.എം.സി.സി തുടങ്ങി ജനപിന്തുണയുള്ള സംഘടനകളുമായ് ആലോചിച്ച് യാത്രക്കാരെ തെരഞ്ഞെടുത്തത് സുതാര്യത ഉറപ്പുവരുത്തിയ ശേഷമാണ്. പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു.
തൊഴില് നഷ്ടപ്പെട്ടവര്‍, വിസ കാലവധി കഴിഞ്ഞവര്‍, രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് എംബസിക്ക് പട്ടിക കൈമാറിയത്. നോർക്ക ഹെൽപ്പ് ഡെസ്ക്കുമായി ചേർന്നാണ് സമാജം പ്രവർത്തിക്കുന്നത്, യാത്രക്കുള്ള അവസരങ്ങൾക്കായി അർഹരായവരുടെ നീണ്ട കോളുകളാണ് എന്നും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളീയ സമാജത്തെ കൂടാതെ ഐ.സി.ആര്‍.എഫ്, കെ.എം.സി.സി എന്നീ സംഘടനകള്‍ക്കും വിമാനത്തിലെ യാത്രക്കാരെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു.
യാത്രക്കാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടായതായി കുപ്രചാരണങ്ങള്‍ ഉടലെടുത്തതോടെ യാത്രക്കാരെ തെരഞ്ഞെടുക്കാന്‍ സംഘടനകള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്ന് എംബസി തീരുമാനിച്ചിട്ടുണ്ട്. ഇതോടെ നാട്ടിലേക്ക് മടങ്ങാന്‍ ഏറ്റവും അര്‍ഹരായവരെ കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് ഇല്ലാതായത്. എംബസിയുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കാത്ത നിരവധി നിരാലംബരുടെ അവസരമാണ് ഇതിലൂടെ നഷ്ടമായത്.