മനാമ: കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് മെയ് 30ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. ബഹ്റൈൻ പൗരൻമാർക്കും സാധുവായ റസിഡൻറ് പെർമിറ്റ് ഉള്ളവർക്കുമാണ് യാത്രക്ക് അനുവാദം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ പാസ്പോർട്ട് നമ്പറും പാസ്പോർട്ടിൻ്റെ ആദ്യ പേജിൻ്റെയും ബഹ്റൈൻ റസിഡൻ്റ് പെർമിറ്റിൻ്റെയും പകർപ്പ് customersupport@airindiaexpress.in എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യണം. മെയ് 28ന് ഇന്ത്യൻ സമയം 01:20 PM ന് മുൻപായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണവസരം. മെയ് 30ന് ഇന്ത്യൻ സമയം ഉച്ചക്ക് 1:30 ന് പുറപ്പെടുന്ന വിമാനം ബഹ്റൈൻ സമയം 3:10 PM ഓടെ ലാൻറ് ചെയ്യും.
പ്രവാസികളുടെ മടക്കയാത്രക്കായി വരുന്ന റിപാട്രിയേഷൻ വിമാനമാണിത്. 25000 രൂപ മുതലാണ് ഇപ്പോഴുളള ടിക്കറ്റ് നിരക്ക്. ബഹ്റൈനിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ഈ വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. ടിക്കറ്റ് നിരക്കിലെ അന്തരമുള്ള തുകയും മാറ്റിയെടുക്കുന്നതിനുള്ള ചാർജും നൽകിയാൽ മതി. അതേസമയം, ലോക്ഡൗൺ കാരണം കാൻസൽ ചെയ്ത വിമാനത്തിന് ടിക്കറ്റെടുത്തവരാണെങ്കിൽ ടിക്കറ്റ് നിരക്കിലെ അധികമുള്ള തുക മാത്രം നൽകിയാൽ മതി.
എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് നേരത്തെ രണ്ട് പ്രത്യേക സർവീസുകൾ ബഹ്റൈനിലേക്ക് നടത്തിയിരുന്നു. ഇന്ന് (മെയ് 26) കോഴിക്കോട് നിന്നും മെയ് 28ന് കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് സമാന സർവീസുകളുണ്ട്.