മനാമ: കെഎച്ച്‌കെ ഹീറോസ് ചലഞ്ചിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ബഹ്റൈന്‍ കെഎംസിസി. കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.പി മുസ്തഫ, കെ എം സി സി സെക്രട്ടറിയേറ്റ് അംഗം അഷ്റഫ്, കെഎച്ച്‌കെ ഹീറോസ് പ്രസിഡന്റ് മുഹമ്മദ് ഷാഹിദ്, കെഎച്ച്കെ ഹീറോസിലെ മുഹമ്മദ് മന്‍സൂര്‍ വി.പി തുടങ്ങിയവര്‍ ചേര്‍ന്നാണ് ഫുഡ് പായ്ക്കുകളുടെ വിതരണത്തിന് തുടക്കം കുറിച്ചത്.
‘ഒരു ആഗോള സമൂഹമെന്ന നിലയില്‍, ഈ പ്രയാസകരമായ സമയങ്ങളില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. ഇതൊരു കമ്മ്യൂണിറ്റി പ്രശ്നമല്ല, മറിച്ച് ഒരു ആഗോള പ്രശ്നമാണ്. ഒരുമിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടുവന്നാല്‍ മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഭക്ഷ്യ ധാന്യ കിറ്റുകള്‍ സംഭാവന ചെയ്തും വിതരണം ചെയ്തും കെഎംസിസി ബഹ്റൈന്‍ കെഎച്ച്‌കെ ഹീറോസ് ചാലഞ്ചിനെ പിന്തുണയ്ക്കുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം തുടക്കം കുറിച്ച ക്യാമ്പയിനില്‍ കൊറോണ വൈറസ് സമയത്ത് ഏറ്റവും ദുര്‍ബലരായവരെ സഹായിക്കാന്‍ കെഎച്ച്‌കെ ഹീറോസ് പ്രതിജ്ഞാബദ്ധരാണെന്നും രാജ്യത്തിലെ മറ്റു ജനങ്ങളോടും സംഘടനകളോടും കാമ്പയിനില്‍ പങ്കാളികളായി ബുദ്ധിമുട്ടുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് സാമൂഹിക കര്‍ത്തവ്യം നിര്‍വഹിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ഹിസ് ഹൈനെസ് ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ കെഎച്ച്‌കെ ഹീറോസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോട് എച്ച്ആര്‍ച്ച്എച്ച് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും -( ക്രൗണ്‍ പ്രിന്‍സ്, ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍, ഫസ്റ്റ് ഡെപ്യൂട്ടി പ്രീമിയര്‍ ) ഹിസ്‌ഹൈനസ് ഷെയ്ക് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും (രാജാവിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും യൂത്ത് അഫയേഴ്‌സിന്റെയും പ്രതിനിധി , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് , യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സുപ്രീം കൗണ്‍സില്‍ പ്രസിഡണ്ട്) വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനു വേണ്ടി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനും നിര്‍ദേശിച്ചു.