ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. 1,58,422 ആയി രോഗികളുടെ എണ്ണം. ഇന്നലെ മാത്രം 6566 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 194 പേര് വൈറസ് ബാധിച്ച് മരണപ്പെട്ടു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് ഏറ്റവും ഗുരുതരം.
86128 പേരാണ് രോഗം ബാധിച്ച് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത്. 67749 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ആയിരത്തി എഴുന്നൂറിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. 54758 പേര്‍ക്കാണ് സംസ്ഥാനത്ത് രേഗം ബാധിച്ചത്. ഇന്ത്യയിലെ മറ്റു ഹോട്ട് സ്പോട്ടുകളായ തമിഴ്നാട്ടില്‍ 17728 പേര്‍ക്കും ഗുജറാത്തില്‍ 14821 പേര്‍ക്കും രോഗം ബാധിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര് വിദേശത്ത് നിന്നും (യു.എ.ഇ-5, സൗദി അറേബ്യ-2, ഖത്തര്‍-1, യു.കെ.-1) 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.