small icons
small icons

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ് റൂം പദ്ധതി ഉദ്ഘാടനം ചെയ്തു; 11,500 വിദ്യാർത്ഥികൾക്ക് പ്രയോജനം

New Project (46)

മനാമ: ഇന്ത്യൻ സ്കൂൾ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്ലാനിംഗ് ആൻഡ് എഡ്യൂക്കേഷണൽ ലൈസൻസിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. സന സയീദ് അബ്ദുല്ല അൽ ഹദ്ദാദ് നിർവഹിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സൈൻ ബഹ്‌റൈനിലെ ചീഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫീസർ അബ്ദുല്ല ഖാലിദ് അൽ ഖലീഫ വിശിഷ്ട അതിഥിയായിരുന്നു.

പുതുതായി സ്ഥാപിച്ച ഡിജിറ്റൽ ലേണിംഗ് സാങ്കേതികവിദ്യയുടെ പ്രവർത്തനക്ഷമതയും കഴിവുകളും പ്രദർശിപ്പിക്കുന്ന സ്മാർട്ട് ക്ലാസ് റൂം സെഷന് ചടങ്ങിൽ സദസ് സാക്ഷ്യം വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യൻ സ്കൂൾ നടത്തുന്ന മികച്ച ശ്രമങ്ങളെ ഡോ. സന സയീദ് അബ്ദുള്ള അൽ ഹദ്ദാദ് പ്രശംസിച്ചു. ആധുനിക സാങ്കേതികവിദ്യകൾ അധ്യാപന-പഠന പ്രക്രിയയിൽ സംയോജിപ്പിക്കുന്നതിനും, അതുവഴി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങൾ സമ്പന്നമാക്കുന്നതിനുമുള്ള മികച്ച മാതൃകയാണ് ഈ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയെന്ന് അവർ ചൂണ്ടിക്കാട്ടി.

തന്റെ അധ്യക്ഷ പ്രസംഗത്തിൽ, സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് സ്മാർട്ട് ക്ലാസ്റൂം പദ്ധതിയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. സ്‌കൂൾ ഏറ്റെടുത്ത ഏറ്റവും അഭിലഷണീയമായ സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങളിലൊന്നാണിതെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. ഏകദേശം 4,00000 (നാല് ലക്ഷം) ദീനാർ മുതൽമുടക്കിൽ നടപ്പിലാക്കിയ ഈ പദ്ധതി ഇസ ടൗൺ, റിഫ കാമ്പസുകളിലെ അധ്യാപന, പഠന അന്തരീക്ഷങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചതായും ഏകദേശം 11,500 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത ക്ലാസ് മുറികളെ നൂതന സ്മാർട്ട് പഠന ഇടങ്ങളാക്കി മാറ്റുന്നതിനായി സ്കൂളുമായി സഹകരിക്കുന്നതിൽ സൈൻ ബഹ്‌റൈന് ഏറെ സന്തോഷമുണ്ടെന്ന് അനുമോദന പ്രസംഗം നടത്തിയ അബ്ദുള്ള ഖാലിദ് അൽ ഖലീഫ പറഞ്ഞു. സ്കൂളിന്റെ അക്കാദമിക് മികവ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സൗരോർജ്ജ സംരംഭങ്ങൾ എന്നിവ എടുത്തുകാണിക്കുന്ന പ്രത്യേക വീഡിയോയും പരിപാടിയിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നിറപ്പകിട്ടാർന്ന അറബി നൃത്തം ചടങ്ങിന് മാറ്റുകൂട്ടി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഭരണസമിതി അംഗങ്ങൾ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള കൂറും വിശ്വസ്തതയും സംബന്ധിച്ച പ്രതിജ്ഞയിൽ ഒപ്പുവെച്ചു.

വിദ്യാഭ്യാസത്തിൽ നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പ്പായ ഈ പ്രോജക്റ്റിൽ, ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും സ്ഥാപിച്ച അത്യാധുനിക സംവേദനാത്മക ഡിജിറ്റൽ സ്മാർട്ട്ബോർഡുകളും (Interactive Digital Smartboards) സമഗ്രമായ സിസിടിവി ശൃംഖലയും ഉൾപ്പെടുന്നു.

വിദാദ് അബ്ദുൾ ലത്തീഫിന്റെ വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. ഹെഡ് ബോയ് അഭിനവ് ശ്രീജിത്തും ഹെഡ് ഗേൾ മെർലിൻ ജെമിനിച്ചൻ മംഗലത്തും പരിപാടിയുടെ അവതാരകരായിരുന്നു.

ചടങ്ങിൽ പങ്കെടുത്തവർ: സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ധനകാര്യം-ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ അക്കാദമിക അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്.

ഹായ്ക്‌വിഷൻ ബഹ്‌റൈൻ കൺട്രി മാനേജർ ഈസൺ സോങ്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക സീനിയർ പ്രോജക്ട് സെയിൽസ് മാനേജർ വിഘ്‌നേഷ് കുമാർ എസ്, യൂണിഡാറ്റ ജനറൽ മാനേജർ അരുൾദാസ് തോമസ്, ഐഎസ്‌ബി പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, കമ്മ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസൈൻ മാലിം, മുൻ സെക്രട്ടറി സജി ആന്റണി, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ചെയർമാൻ അഡ്വ. വി.കെ തോമസ് തുടങ്ങിയ മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!