മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 2.10നാണ് വിമാനം ബഹ്‌റൈനില്‍ നിന്ന് യാത്ര തിരിക്കുക. 177 യാത്രക്കാരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി വിതരണം ചെയ്തിരുന്നു. ഇന്ന് രാവിലെ 8.30ന് 75 യാത്രക്കാരുമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തിരിച്ച് റിപ്പ്രാര്‍ട്ടിയേഷനായി ബഹ്‌റൈനില്‍ നിന്ന് മടങ്ങുന്നത്.
ആദ്യ രണ്ടു ഘട്ടങ്ങളിലായി നാല് വിമാനങ്ങള്‍ മാത്രമായിരുന്നു പ്രവാസികളുടെ മടക്കയാത്രക്കായി ഉണ്ടായിരുന്നത്. മൂന്നാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് സര്‍വീസുകളാണുള്ളത്. മൂന്ന് ഘട്ടങ്ങളിലുമായി ഇതുവരെ 852 ഇന്ത്യക്കാര്‍ ജന്മനാട്ടിലേക്ക് മടങ്ങി. മെയ് 30, ജൂണ്‍ 2 തീയതികളില്‍ കോഴിക്കോട്ടേക്കും, ജൂണ്‍ 1ന് കൊച്ചിയിലേക്കുമാണ് ഇനി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം സര്‍വ്വീസ് നടത്തുക.
ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കും, സാധുവായ റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്കുമാണ് കൊച്ചിയില്‍ നിന്ന് തിരികെ വരുന്ന വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി. റസിഡന്റ് പെര്‍മിറ്റില്‍ പ്രശ്‌നമുള്ള ഒരു വ്യക്തിക്ക് ഇന്ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ബഹ്‌റൈനില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന മറ്റു ദിവസങ്ങളിലും ഇന്ത്യയില്‍ നിന്ന് വരുന്ന വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതിന് അനുമതി ലഭിച്ചതിനാൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.