ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടിവെക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. അതേസമയം ഹോട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. ഷോപ്പിംഗ് മാളുകള്‍, സലൂണുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ ഗ്രീന്‍ സോണുകളില്‍ തുറന്നു പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളാവും അന്തിമ തീരുമാനമെടുക്കുക.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. നേരത്തെ സര്‍വീസുകള്‍ ജൂണില്‍ പുനരരാഭിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലോക്‌ഡോണ്‍ നീട്ടിയ സാഹചര്യത്തില്‍ കേന്ദ്ര തീരുമാനം വൈകാനാണ് സാധ്യത. ഗള്‍ഫില്‍ ഉള്‍പ്പെടെ റീപാട്രീഷന്‍ വിമാനത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്ന നീക്കം തുടരും.
ഗ്രീന്‍ സോണുകളില്‍ ഇളവ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജൂണ്‍ 8-ാം തിയതിക്ക് മുന്‍പായി സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തുവിടും. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അതീവമായി തുടരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടിവെക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കും വിദ്യാലയങ്ങള്‍ ആരാധനാലയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളായിരിക്കും അന്തിമ തീരുമാനമെടുക്കുക.