മനാമ: കോവിഡ് വ്യാപനം കാരണം പ്രതിസന്ധിയിലായ അസ്‌കറിനടുത്തുള്ള ഹഫീറയിലെ ഇരുനൂറോളം വരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് പ്രവാസി മലയാളി സംഘടനകളും വ്യക്തികളും. ചെറിയ സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ നിരവധി പേരാണ് തൊഴിലാളികളുടെ പ്രശ്‌നം തിരിച്ചറിഞ്ഞ് സഹായവുമായി രംഗത്ത് വന്നത്. എല്ലാവര്‍ക്കും ആവശ്യമുള്ള ഭക്ഷണ സാധനങ്ങളും ഇതര വസ്തുക്കളും ഉടന്‍ എത്തിച്ചു നല്‍കുകയും ചെയ്തു.
മാസങ്ങളായി ശമ്പളം ലഭിക്കാതെ കഴിഞ്ഞ 202 ഓളം പേരും ജോലി രാജിവെച്ച് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന 50 പേരും അടക്കം 252 തൊഴിലാളികളായിരുന്നു ഭക്ഷണമില്ലാതെ പ്രതിസന്ധിയിലായത്. ഭക്ഷണത്തിന് പ്രയാസപ്പെട്ട് ഏതാണ്ട് നാല് മാസത്തോളമാണ് തൊഴിലാളികള്‍ ക്യാംപില്‍ കഴിഞ്ഞത്. തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് പരാതിയും നല്‍കുകയും ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയിൽ അവസ്ഥ ‘രൂക്ഷമായതോടെ ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ കെ.ആര്‍ നായര്‍ തൊഴിലാളി പ്രശ്‌നത്തില്‍ ഇടപെടുകയും ബഹ്റൈൻ വാർത്തയെ അറിയിക്കുകയുമായിരുന്നു.
പിന്നാലെ മെയ് 20ന് തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് ബഹ്‌റൈന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചെറിയ സഹായങ്ങള്‍ ലഭിച്ചുവെങ്കിലും തൊഴിലാളികളുടെ പ്രയാസം പൂര്‍ണമായും പരിഹരിക്കാന്‍ ഇതിന് കഴിഞ്ഞിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് 25ന് ബഹ്‌റൈന്‍ വാര്‍ത്ത വീണ്ടും തൊഴിലാളികളുടെ പ്രശ്‌നം പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വാര്‍ത്ത വലിയ തോതില്‍ പ്രവാസി സമൂഹം ഏറ്റെടുത്തു.
ഈദ് ഒന്നാം ദിവസം Manaratain Ready-mix കമ്പനി അവര്‍ തന്നെ ഉണ്ടാക്കിയ ഉച്ചഭക്ഷണം മുഴുവന്‍ പേര്‍ക്കും എത്തിച്ചു. രണ്ടാം ദിവസം ഗ്ലോബല്‍ തിക്കൊടിയന്‍സ് എന്ന സംഘടന ഭക്ഷണം എത്തിച്ചു. മൂന്നാം ദിവസം കേരള കാത്തലിക്ക് അസോസിയേഷന്‍ (KCA) ഭക്ഷണം എത്തിച്ചു. പിന്നീട് ഒരു പിക്കപ്പ് വാന്‍ നിറയെ അരിയും പച്ചക്കറികളും ഗോതമ്പും ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി പ്രവാസിയായ ഷിഹാബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിച്ചു നല്‍കി.
തൊഴിലാളികള്‍ക്ക് പ്രതിസന്ധി കാലഘട്ടം മറികടക്കുന്നതിന് ആവശ്യമായ എല്ലാ സാധനങ്ങളും പിന്നാലെ എത്തിച്ചേരുകയും ചെയ്തു. മനാമാ സെന്‍ട്രല്‍ മാര്‍ക്കറ്റിലേ വ്യവസായികളുടെ മലയാളി കൂട്ടായ്മ അഷ്‌കര്‍ പൂഴിത്തലയുടെ നേതൃത്വത്തില്‍ 3000 കിലോയിലധികം പച്ചക്കറി സാധനങ്ങളും ഗോതമ്പു പൊടി, ഭക്ഷ്യ എണ്ണ എന്നിവയും 1500 ലധികം കോഴിമുട്ടയും ക്യാമ്പിലെത്തി. തണല്‍ ബഹറില്‍ പഞ്ചസാര ഭക്ഷ്യ എണ്ണ ഗോതമ്പുപൊടി എന്നിവയും വടകര സഹൃദയ വേദി അരിയും പയറ് വര്‍ഗങ്ങളുമായി എത്തിച്ചു.
അഷ്‌ക്കര്‍ പൂഴിത്തല, മുഹമ്മദ് , റഷീദ് ബുസ്താനി, രാജേഷ് ഉക്രംപാടി, അജ്മല്‍, സലാം, നൗഷാദ്, സന്ദീപ്, റഷീദ്, ഷെഹീല്‍ തുടങ്ങിയവര്‍ സഹായങ്ങളെത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. നിരവധി വ്യക്തികളും അരിയും മറ്റു സഹായങ്ങളും എത്തിച്ചു നല്‍കിയിട്ടുണ്ട്. ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ കൂട്ടായ പരിശ്രമമാണ് വലിയൊരു പ്രതിസന്ധിയില്‍ നിന്ന് ഇരുനോളം പേരെ കരകയറ്റിയത്. സഹായങ്ങളെത്തിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു. ഏകദേശം മൂന്നാഴ്ചയിലേക്കുള്ള സാധനങ്ങൾ എത്തിച്ചതോടെ കളക്ഷൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.