കൊച്ചി: സോഷ്യല്‍ മീഡീയയില്‍ തംരഗമായി വാങ്കിലെ ഗാനങ്ങളും ട്രെയിലറും. ഔസേപ്പച്ചന്‍ ഈണമിട്ട ‘അലിയാരുടെ ഓമന ബീവി’ എന്ന ഗാനം യൂട്യൂബില്‍ ഇരുപത്തിയാറ് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ഗാനം ടിക്ടോകിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ ഫേസ്ബുക്കിലൂടെ മാത്രം കണ്ട് ആസ്വദിച്ചത് 1മില്യണലധികം പേരാണ്. മനോരമ മ്യൂസിക് പുറത്തിറക്കിയ 3 ഗാനങ്ങള്‍ക്കും ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആമേന്‍, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് പി എസ് റഫീഖാണ് വരികളൊരുക്കിയത്. ‘ അലിയാരുടെ ഓമന ബീവി ‘ ആലപിച്ചിരിക്കുന്നത് അമല്‍ ആന്റണിയാണ്.
കാവ്യ പ്രകാശ് സംവിധാനവും ഷബ്‌ന മുഹമ്മദ് തിരക്കഥയും ഒരുക്കുന്ന വാങ്ക് മാര്‍ച്ച് 13നു പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി ആര്‍ ഇതേ പേരില്‍ എഴുതിയ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് വാങ്ക്. ഒരു പെണ്‍കുട്ടി വാങ്ക് വിളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സംവിധായകന്‍ വി കെ പ്രകാശിന്റെ മകളാണ് കാവ്യ. നേരത്തെ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബി ടെക്ക് എന്ന സിനിമയില്‍ സഹസംവിധായികയായും നിരവധി പരസ്യ ചിത്രങ്ങളിലും കാവ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാനവും തിരക്കഥയും രണ്ടു സ്ത്രീകള്‍ ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ഇത്. മേജര്‍ രവിയുടെ മകന്‍ അര്‍ജ്ജുന്‍ രവിയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രശസ്തയായ അനശ്വര രാജനാണ് നായിക.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ഉദാഹരണം സുജാത എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ അനശ്വര രാജന്‍, ഗപ്പി, അഞ്ചാംപാതിര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നന്ദന വര്‍മ്മ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍ വിനീത്, ഷബ്ന മുഹമ്മദ്, തെസ്നി ഖാന്‍, സരസ ബാലുശ്ശേരി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
7 ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദ്ദീനും ഷബീര്‍ പത്താനും ചേര്‍ന്നാണ് വാങ്ക് നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാണം ട്രെന്‍ഡ്സ് ആട്ഫിലിം പ്രൈവറ്റ് ലിമിറ്റഡ്, ഉണ്ണി ആര്‍ എന്നിവരാണ്. സൗത്ത് ഇന്ത്യയിലെ പ്രശസ്ത എഡിറ്റര്‍ സുരേഷ് യുആര്‍എസ് എഡിറ്റിംഗും, ഡോണ്‍ മാക്‌സ് ട്രൈലര്‍ കട്ടും ചെയ്തിരിക്കുന്നു.