മനാമ: കോവിഡ്-19 ബാധിച്ച് പ്രവാസ ലോകത്ത് മരണമടഞ്ഞ മലയാളികളുടെ എണ്ണം 150 കടന്നു. യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഗള്‍ഫ് നാടുകളിലുമായി മരണപ്പെടുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് വലിയ ആശങ്ക വിതയ്ക്കുന്നുണ്ട്. ഗള്‍ഫില്‍ സൗദി അറേബ്യയിലും യുഎഇയിലുമാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരണപ്പെട്ടിരിക്കുന്നത്.
യുഎഇ-91, സൗദി- 34, കുവൈറ്റ് 25, ഒമാന്‍ രണ്ട്, ഖത്തര്‍ ഒന്ന് എന്നിങ്ങനെയാണ് ഗള്‍ഫില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം. പ്രമേഹം, ഹൃദ്രാേഗം, വൃക്കരോഗം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കാണ് കോവിഡ്-19 മരണഭീതി കൂടുതല്‍. പ്രവാസി സമൂഹത്തിനിടയില്‍ ഇത്തരം രോഗങ്ങള്‍ സാധാരണമാണെന്നതും ആശങ്കയുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. 22 കാരന്‍ മുതല്‍ വാര്‍ദ്ധ്യത്തിലുള്ളവര്‍ വരെ മരിച്ചവരുടെ കൂട്ടത്തിലുണ്ട്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും മരണസംഖ്യ കുറവുള്ള ബഹ്‌റൈനിലെയും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂര്‍ ആശങ്കയുടേതാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 4 പേരാണ് ബഹ്‌റൈനില്‍ പുതിയതായി മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 17ലേക്ക് ഉയര്‍ന്നിട്ടുണ്ട്. മലയാളികള്‍ ആരും തന്നെ ബഹ്‌റൈനില്‍ മരണപ്പെട്ടിട്ടില്ല. 4596 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് വിവിധ ചികിത്സ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇവരില്‍ 12 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് യാതൊരുവിധ ധനസഹായവും ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്. കേരളം പോലെ വലിയൊരു ശതമാനം പ്രവാസികള്‍ ഉള്ള സംസ്ഥാനം മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണമെന്ന ആവശ്യവും ശക്തമാണ്.