വാഷിങ്ടണ്‍: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിനു മുന്നില്‍ പ്രതിഷേധം. സമരക്കാരെ ഭയന്ന് അല്‍പനേരത്തേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലവറയിലെ ബങ്കറിലൊളിച്ചതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം ദൃക്സാക്ഷിയുടെ മൊഴിയനുസരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ജോര്‍ജ് ഫ്ളോയിഡിനെ പൊലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. ഇതിനിടെ വൈറ്റ് ഹൗസിലേക്ക് വെള്ളിയാഴ്ച നൂറോളം വരുന്ന പ്രക്ഷോഭകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. സീക്രറ്റ് സര്‍വീസസും യു.എസ് പാര്‍ക് പൊലീസ് ഓഫിസര്‍മാരും സമരക്കാരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമരക്കാര്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധം ശക്തമാക്കി.
പിന്നാലെ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക് ഇടിച്ചു കറിയിതിനെ തുടര്‍ന്നാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഏകദേശം ഒരു മണിക്കൂറോളം നിലവറയില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹത്തെ മുകളിലെ നിലയിലേക്ക് കൊണ്ടുവന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
46കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് മെയ് 25 മുതല്‍ ട്രംപ് ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം പ്രക്ഷോഭകരെ അതിശക്തമായി നേരിടാനാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ വര്‍ണവെറിക്കെതിരായ പോരാട്ടം അമേരിക്കയിലെങ്ങും പടരുകയാണ്.