വേഗത്തിലുള്ള രോഗ നിര്‍ണയവും ചികിത്സയും കോവിഡ് രോഗമുക്തിക്ക് സഹായകം; ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

മനാമ: വേഗത്തിലുള്ള രോഗ നിര്‍ണയവും ചികിത്സയും കോവിഡ് രോഗമുക്തിക്ക് സഹായകമാകുമെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. എന്നാല്‍ മാത്രമേ വേഗത്തില്‍ രോഗം സ്ഥിരീകരിക്കാനും ഫലപ്രദമായ രീതിയില്‍ ചികിത്സകള്‍ ആരംഭിക്കാനും സാധിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ ഉണ്ടായ 4 മരണങ്ങള്‍ കോവിഡ് സങ്കീര്‍ണ്ണമായതിനെ തുടര്‍ന്നുണ്ടായതാണ്. അതിനു കാരണം രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ തന്നെ അധികൃതരെ അറിയിക്കാത്തതാണെന്ന് മന്ത്രാലയം എടുത്തു പറഞ്ഞു. കോവിഡ് ലക്ഷണങ്ങളായ ചുമ, പനി, ശ്വാസതടസം എന്നിവ അനുഭവപ്പെടുമ്പോള്‍ തന്നെ ഹോട്ട് ലൈന്‍ നമ്പറായ 444ലേക്ക് വിളിച്ച് അധികൃതരെ അറിയിക്കണം.

കൂടാതെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. പൊതു ഇടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക്ക് നിര്‍ബന്ധമാക്കുക, സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ തുടരുക തന്നെ വേണം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ചികിത്സയും പരിചരണവും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം കൂട്ടി ചേര്‍ത്തു.