മനാമ: ഹിദ്ദ് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാര്‍ഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇനി മുതല്‍ മാര്‍ക്കറ്റിലെ വിപണന സമയം രാവിലെ 8 മുതല്‍ 6 വരെയായിരിക്കും. മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന് പുതിയ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരക്കേറിയ മാര്‍ക്കറ്റുകള്‍, ഇതര സ്ഥലങ്ങളിലും സമാന നീക്കമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ മറ്റു സ്ഥലങ്ങളിലെ സമയം മാറ്റമോ നിയന്ത്രണങ്ങളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിന്റെറ നിര്‍ദേശ പ്രകാരം മത്സ്യബന്ധന മേഖലയിലുള്ളവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും സഹായവും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വ്യാപാരികള്‍ക്ക് വിപണന സൗകര്യാര്‍ഥം പ്രത്യേക ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈനിലെ പ്രസിദ്ധമായ മത്സ്യ വ്യാപാര കേന്ദ്രമാണ് ഹിദ്ദിലേത്. കോവിഡ്19 പ്രതിരോധ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരിക്കും മാര്‍ക്കറ്റിലെ വ്യാപാരം നടക്കുക.