ന്യു ഡല്‍ഹി: ഇന്ത്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 9034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം 9000 കടക്കുന്നത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,16,919 ആയി. 260 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യം 6075 ആയി ഉയര്‍ന്നു. കോവിഡ് രോഗികളുടെ ആഗോള പട്ടികയില്‍ ഇന്ത്യ 7-ാം സ്ഥാനത്താണ്.
നിലവില്‍ 1,06,737 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇന്ത്യയില്‍ ചികിത്സയിലുണ്ട്. 1,04,107 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. രാജ്യത്തെ ആരോഗ്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത്തരത്തിലുള്ള കോവിഡ് വ്യാപനം ഇന്ത്യയില്‍ ഒട്ടാകെ ആശങ്ക പടര്‍ത്തിയിരിക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 3) 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പാലക്കാട്, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 11 പേരാണ്.