മാനമ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരെയും തിരികെയെത്തിക്കാന്‍ ആവശ്യമായ യാത്രാപദ്ധതിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഒരുക്കേണ്ടതെന്ന് ഐസി എഫ് ഗള്‍ഫ് കൗണ്‍സില്‍. പരസ്പര വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കാതെ ഇതിന്നായി ഏകീകൃത നിലപാടിലേക്ക് എത്താന്‍ സര്‍ക്കാറുകള്‍ മുന്നോട്ടുവരണമെന്നും ഐസിഎഫ് വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ധാരാളം പേര്‍ അവരവരുടെ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നവരുണ്ട്. എല്ലാ തരത്തിലുമുള്ള ജനങ്ങള്‍ അതിലുണ്ട്. അവര്‍ക്കെല്ലാം നാട്ടിലെത്താനുള്ള വഴിയാണ് തുറന്നുകിട്ടേണ്ടത്. മുന്‍ ഗണനാ വിഭാഗത്തില്‍പ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിനു ഇന്ത്യന്‍ മിഷനുകളുടെ ഏകോപനത്തോടെ നടക്കുന്ന വന്ദേ ഭാരത് മിഷനില്‍ കൂടുതല്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി ആ വിഭാഗത്തില്‍ പെടുന്നവരുടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണം. നിലവിലെ ഷെഡ്യൂള്‍ പ്രകാരം എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത മുന്‍ ഗണനാ വിഭാഗക്കാര്‍ക്ക് നാട്ടിലെത്താന്‍ മാസങ്ങളെടുക്കേണ്ടി വരും. ദുരിതമനുഭവിക്കുന്ന ഇത്തരമാളുകള്‍ക്ക് വേഗത്തില്‍ നാട്ടിലെത്താനും ചികിത്സയടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടവര്‍ക്ക് അത് നിര്‍വഹിക്കാനും അവസരമുണ്ടാക്കണമെന്നും ഐസിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവരും അതേസമയം നിരവധി പ്രതിസന്ധികള്‍ അനുഭവിക്കുന്നവരുമായ പ്രവാസികളുടെ എണ്ണം വളരെ കൂടുതലാണ്. അവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അനുവദിച്ചും സാധാരണ നിലയിലുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചും പ്രശ്‌നത്തിനു പരിഹാരം കാണണം. ഈ വിഭാഗം പ്രവാസികളെ പാടെ അവഗണിച്ചുകൊണ്ടുള്ള സമീപനമാണ് ഭരണകൂടം കാണിക്കുന്നതെന്ന് സംശയിക്കേണ്ടി വരും. നാട്ടിലെത്താന്‍ സാമാന്യ നിരക്കിലുള്ള വിമാനക്കൂലി നല്‍കാന്‍ കഴിയുന്നവരാണ് ഇവര്‍. അതിനു തയ്യാറായ അവര്‍ക്ക് അവസരം നിഷേധിക്കുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ വെക്കുന്നത് നീതീകരിക്കാനാവില്ല. അതേസമയം ചാര്‍ട്ടര്‍ വിമാന സര്‍വീസുകളുടെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഐസിഎഫ് ആവശ്യപ്പെടുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിസന്ധിയില്‍ പെടുമ്പോള്‍ എല്ലാ നിലക്കും താങ്ങായി നിന്നവരാണ് ഈ വിഭാഗത്തിലെ ഭൂരിഭാഗമെന്ന് അധികൃതര്‍ മനസ്സിലാക്കണം. കോറന്റൈന്‍ അടക്കമുള്ള ക്രമീകരണങ്ങളില്‍ സര്‍ക്കാറുകള്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുമവര്‍ ഒരുക്കമാണ്. ഈ ജനവിഭാഗത്തിനു മുന്നില്‍ വാതിലടക്കുന്ന സമീപനം ആശ്വാസ്യകരല്ലാത്തതാണ്. അവരും വന്ദേ ഭാരത് വിമാനങ്ങളില്‍ വരണമെന്ന് പറയുന്നത് ഏത് അര്‍ഥത്തിലാണെന്ന് മനസ്സിലാവുന്നില്ലെന്നും ഐ സി എഫ് കൂട്ടിച്ചേര്‍ത്തു.