ന്യൂ ഡല്‍ഹി: പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് വന്ദേ ഭാരതത്തിന്റെ ഭാഗമായി വരുന്ന വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. നിരന്തരമായി മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും അതുമൂലമാണ് കേരളം കേന്ദ്രത്തിന് മുമ്പില്‍ നിബന്ധനകള്‍ വെച്ചിട്ടില്ലെന്ന വാദം മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം കേരളത്തെ അറിയിച്ചത് ദിവസേന 24 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരുമെന്നാണ് എന്നാല്‍ കേരളം നല്‍കിയ മറുപടി ഒരു ദിവസം ആകെ 12 എന്ന കണക്കില്‍ മാസത്തില്‍ 360 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്നാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കത്തില്‍ പറയാത്ത കാര്യങ്ങളാണ് പറയുന്നെതന്നും മുരളീധരന്‍ ആരോപിച്ചു. 36 വിമാനങ്ങളെ ചാര്‍ട്ട് ചെയ്തിട്ടുള്ളൂ എന്നോ ബാക്കിയുള്ളത് ചാര്‍ട്ട് ചെയ്താല്‍ അനുമതി കൊടുക്കാം എന്നൊന്നും കേന്ദ്രത്തിന് കേരളം നല്‍കിയ കത്തില്‍ പറയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാവാമെന്നും വി. മുരളീധരന്‍ പറഞ്ഞു.
ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ എതിര്‍പ്പില്ലെന്നും തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൊണ്ടുവരാനുളള അനുവാദമുണ്ടെന്നുമാണ് മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് എന്നാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ഇക്കാര്യമില്ല എന്നും, കത്തില്‍ സൂചിപ്പിക്കാത്ത കാര്യങ്ങള്‍ ഒരുപക്ഷെ മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് വിവരം കൊടുക്കുന്നവര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താത്തതാവാം എന്നും മുരളീധരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.