ദേവികമാര്‍ ഇനിയുണ്ടാവാതിരിക്കട്ടെ! പാവപ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യങ്ങൊരുക്കണം; ബഹ്‌റൈന്‍ കെ.എം.സി.സി

മനാമ: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പു വരുത്തണമെന്ന് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി. ദേവികമാര്‍ ഇനിയുണ്ടാവരുത്. വേണ്ടത്ര സൗകര്യങ്ങളും ബോധവല്‍ക്കരണവും ഉറപ്പ് വരുത്താതെ ഏകപക്ഷീയമായ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ എംഎസ്ഫ് മലപ്പുറം ഡിഡി ഓഫീസ് മാര്‍ച്ചിന് കെഎംസിസി ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നുവെന്ന് ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത കാരണത്താല്‍ ആത്മഹത്യ ചെയ്ത മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഇരിമ്പ്‌ളിയം സ്വദേശിനി ദേവിക എന്ന പാവപെട്ട വിദ്യാര്‍ഥിനിക്ക് നീതി ഉറപ്പാക്കാണം. ഏകദേശം രണ്ടരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയോ സ്മാര്‍ട്‌ഫോണോ ഇല്ല എന്ന റിപ്പോര്‍ട്ട് വന്നതിനു ശേഷവും വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത് കൊണ്ട് നിരവധി വിദ്യാര്‍ത്ഥികളാണ് നിലവില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകളെ കുറിച്ച് മതിയായ ബോധവല്‍ക്കരണം നല്‍കാതെയും വേണ്ടത്ര സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ഉണ്ട് എന്ന് ഉറപ്പു വരുത്താതെയും കേരള സര്‍ക്കാര്‍ നടത്തിയ എടുത്തുചാട്ടത്തിന്റെ പരിണിത ഫലമാണ് വളരെ മിടുക്കിയായ പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ കലാശിച്ചതെന്നും കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി ചൂണ്ടിക്കാണിച്ചു.

മതിയായ സജ്ജീകരങ്ങള്‍ ഒരുക്കിയതിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ച് നടത്തിയ മാര്‍ച്ചിനിടെ എം എസ് എഫ് സംസ്ഥാന, ജില്ലാ നേതാക്കളെയും, പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ധിച്ച പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നു. ദേവിക ആത്മഹത്യ ചെയ്തത് പ്രൊഫസര്‍മാരായ രണ്ട് വിദ്യാഭ്യാസ മന്ത്രിമാരുള്ള കേരളത്തിലാണന്നുള്ള കാര്യം വളരെ ലജ്ജാവഹമാണ്. ഇനിയെങ്കിലും പിണറായി സര്‍ക്കാര്‍ കൊറോണ കാലഘട്ടത്തില്‍ ബദല്‍ വിദ്യാഭ്യാസ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ ക്ളാസില്‍ പങ്കെടുക്കാനുള്ള വേണ്ടത്ര ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോകണമെന്നും കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.