തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശൂര്‍ 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി 3, വയനാട് 3, കൊല്ലം 2, കോട്ടയം 1, കാസര്‍കോഡ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. രോഗം ബാധയേറ്റവരില്‍ 50 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിവയവരാണ്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
അതേസമയം ഇന്ന് 22 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരത്ത് ഒരാളും, ആലപ്പുഴയില്‍ നാലുപേരും, എറണാകുളത്ത് നാലുപേരും, തൃശ്ശൂരില്‍ അഞ്ചുപേരും, കോഴിക്കോട് ഒരാളും, കാസര്‍കോട് ഏഴുപേരും ഇന്ന് രോഗമുക്തി നേടി. നിലവില്‍ 1697 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 973 പേര്‍ ചികിത്സയിലുണ്ട്. 177106 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് – മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ മടങ്ങിയെത്തുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.