ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ ചാലാട് സ്വദേശി പോൾ സോളമൻ ആണ് മരിച്ചത്. 61 വയസായിരുന്നു. ബഹ്റൈൻ പൊലീസ് ബാൻഡിലെ മ്യൂസിഷ്യൻ ആയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു. മികച്ച ട്രംപറ്റ് വായനക്കാരനായിരുന്ന പോൾ മലയാളി സംഗീത സദസുകളിലെ നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ ലിനി നാട്ടിലാണ്. മകൻ റെയ്ഗൻ ഉപരിപഠനാർഥം യു കെയിലാണ്. മൃതദേഹം ബഹ്റൈനിൽ തന്നെ സംസ്കരിക്കും. കോവിഡ് ബാധിച്ച് ബഹ്‌റൈനിൽ മരണപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് പോൾ സോളമൻ. കഴിഞ്ഞ ജൂൺ ആറിന് പത്തനംതിട്ട സ്വദേശിയായ നൈനാൻ സി മാമൻ്റേതായിരുന്നു ആദ്യ മരണം. 38കാരനായ മറ്റൊരു പ്രവാസി കൂടി മരണപ്പെട്ടതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിരീകരണം വന്നിട്ടുണ്ട്. ഇതോടെ ബഹ്റൈനിൽ ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി.