അബുദാബി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 1932ല്‍ സൗദി അറേബ്യ നിലവില്‍ വന്നതിന് ശേഷം ആദ്യമായിട്ടായിരിക്കും ഇത്തരമൊരു നീക്കം. ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദി മിനിസ്ട്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് പത്രമായ ഫിനാഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യങ്ങളെല്ലാം പരിശോധിച്ച ശേഷം ഈ ആഴ്ച്ച വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് മുതിര്‍ന്ന ഉദ്യേഗസ്ഥന്‍ അറിയിച്ചിരിക്കുന്നത്. ലോകത്തിലെ ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടത്തോളം സുപ്രധാനമായ തീര്‍ത്ഥാടനമാണ് ഹജ്ജ്. കോവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനങ്ങള്‍ക്ക് നേരത്തെ സൗദി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ചെറിയ തീര്‍ത്ഥാടകരെ മാത്രം ഉള്‍കൊള്ളിച്ച് ഹജ്ജ് കര്‍മ്മങ്ങള്‍ തുടരുമെന്നും സൂചനയുണ്ട്.
അതേസമയം ഹജ്ജ് റദ്ദാക്കുമെന്നത് സംബന്ധിച്ച കൃത്യമായ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളെല്ലാം തന്നെ കോവിഡിനെതിരായ പോരാട്ടം ശക്തമായി തുടരുകയാണ്. ഹജ്ജ് ഈ വര്‍ഷം ജൂലൈയിലാണ് ആരംഭിക്കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം അടച്ചിടേണ്ടി വരുന്നത് ഇസ്ലാമിക ലോകത്തിന് വലിയ നഷ്ടമാവും.